നികുതി പിരിവിന് പുതിയ സോഫ്റ്റ്‌വെയറുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം: നികുതി പിരിവിന് പുതിയ സോഫ്റ്റ്‌വെയറുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. നികുതിവെട്ടിപ്പ് അടക്കമുള്ള വിവാദങ്ങളില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നികുതി പിരിവിനും പണം അടയ്ക്കലിനുമായി പുതിയ സോഫ്റ്റ്വെയര്‍ സംവിധാനം കൊണ്ടുവരുന്നത്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പിഒഎസ് മെഷീനാണ് നഗരസഭ കൊണ്ടുവരുന്നത്. ഇതിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
നഗരസഭയിലെ കെട്ടിട നികുതി വിവരങ്ങള്‍ എല്ലാം തന്നെ ഇ പോസ് മെഷീനില്‍ രേഖപ്പെടുത്തുന്നതിനായി ഏകീകൃത രൂപത്തില്‍ ആക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ (ഐകെഎം) കോപ്പേറേഷന്‍ ചുമതലപ്പെടുത്തി. നികുതി തട്ടിപ്പ് വിവാദം ഉയര്‍ന്നപ്പോള്‍ സോഫ്റ്റ്വെയര്‍ പിഴവാണ് മൂലമാണെന്നായിരുന്നു നഗരസഭ ആദ്യം പറഞ്ഞത്. എന്നാല്‍ തെളിവുകള്‍ പുറത്തുവന്നതോടെ നഗരസഭയ്ക്ക് ഇത് വിഴുങ്ങേണ്ടി വന്നു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് നഗരകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് രൂപരേഖ തയ്യാറാക്കി.
ആദ്യം പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലാകും നടപ്പാക്കുക. പിന്നീട് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും. ആന്‍ഡ്രോയിഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആറ് ബാങ്കുകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. സംവിധാനത്തിന് ആവശ്യമായ മൊബൈല്‍ ആപ്ലിക്കേഷനും ബാങ്കുകള്‍ ഒരുക്കണം. ഇത് കൂടാതെ 1000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പണം ഇടപാടുകളും ഡിജിറ്റലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അക്ഷയ സെന്ററുകളെ ഉപയോഗപ്പെടുത്തും.
ഐടി മിഷന്‍, തദ്ദേശസ്വയം ഭരണ വകുപ്പ്, ഐകെഎം, ബാങ്ക് പ്രതിനിധികള്‍ എന്നിവരടങ്ങിയ സംഘം സംവിധാനം നിരീക്ഷിക്കുകയും ചെയ്യും. പുതിയ ആന്‍ഡ്രോയിഡ് സംവിധാനം പണം അടയ്ക്കുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തുന്ന തരത്തിലായിരിക്കും. നികുതി പണമായി അടയ്ക്കാനാണ് ഉപഭോക്താവ് ആഗ്രഹിക്കുന്നതെങ്കില്‍ ബില്‍ കളക്ടര്‍ക്ക് അത് അപ്പോള്‍ തന്നെ സിസ്റ്റത്തിലെ സെര്‍വറില്‍ അപ്‌ഡേറ്റ് ചെയ്യാനാകും. അപ്പോള്‍ തന്നെ രസീതും ലഭിക്കും. യുപിഐ ആപ്പുകള്‍ വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.