തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ തോറ്റു,ഇടമലക്കുടി യു.ഡി.എഫിന്, കാരാട്ട് ഫൈസൽ വിജയിച്ചു.

തിരുവനന്തപുരം/ ഒടുവിൽ ഫലങ്ങൾ അറിയുമ്പോൾ തിരുവനന്തപുരം കോര്‍പറേഷനില്‍ 22 ഇടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും 12 ഇടത്ത് എന്‍.ഡി.എയും 2 ഇടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുകയാണ്.തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ തോറ്റു. കരിക്കകം ഡിവിഷനിലാണ് തോറ്റത്. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി യു.ഡി.എഫ് പിടിച്ചു. ബി.ജെ.പി രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഭരണത്തിലിരുന്ന എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കൊടുവള്ളി ചുണ്ടപ്പുറം ഡിവിഷനിൽ കാരാട്ട് ഫൈസൽ വിജയിച്ചു. വിമതനായിട്ടാണ് ഫൈസല്‍ ഇവിടെ മത്സരിച്ചത്.കൊച്ചി കോർപറേഷൻ കറുകപ്പിള്ളി ഡിവിഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് വിജയിച്ചു. കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ പ്രേകുമാറിനെയാണ് ദീപ്തി അടിയറവ് പറയിച്ചത്.തൊടുപുഴയിൽ ജോസഫ് നിലം പരിശായി. നഗരസഭയിൽ മത്സരിച്ച ഏഴിൽ അഞ്ച് സീറ്റുകളിലും തോറ്റു. ജോസ് വിഭാഗം മത്സരിച്ച നാലിൽ രണ്ട് സീറ്റിൽ ജയിച്ചു. കഴിഞ്ഞ തവണയും ജോസ് രണ്ട് സീറ്റിൽ ജയിച്ചിരുന്നു.
ആലപ്പുഴ നഗരസഭയില്‍ എല്‍.ഡി.എഫ് അട്ടിമറി ജയത്തിലേക്ക് നീങ്ങുകയാണ്. കായംകുളത്തും എല്‍.ഡി.എഫിനാണ് മുന്നേറ്റം. ഹരിപ്പാടും ചേര്‍ത്തലയും ഒപ്പത്തിനൊപ്പം എത്തുകയാണ്. ചെങ്ങന്നൂരിലും മാവേലിക്കരയിലും എന്‍.ഡി.എ ലീഡ് ചെയ്യുന്നു. താനൂർ നഗരസഭയിൽ യു.ഡി.എഫിന് 31 സീറ്റും എല്‍.ഡി.എഫിന് ആറും ബി.ജെ.പിക്ക് 7ഉം സീറ്റും ലഭിച്ചു. മുക്കം നഗരസഭയില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല. ഇവിടെ യു.ഡി.എഫിനും എല്‍.ഡി.എഫിനും 15 സീറ്റുകൾ വീതം ആണ് ലഭിച്ചിരിക്കുന്നത്. സ്വതന്ത്ര ലീഗ് വിമതനായ അബ്ദുൽ മജീദിന്‍റെ നിലപാട് ഇതോടെ നിർണായകമാവുകയാണ്. വോട്ടർമാരോട് ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് അബ്ദുൽ മജീദ് പ്രതികരിച്ചിട്ടുള്ളത്. ബി.ജെ.പിക്ക് ഇവിടെ രണ്ട് സീറ്റുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ തോറ്റ് തുന്നം പാടിയത്. കണ്ണൂർ വളപട്ടണം പഞ്ചായത്തിൽ ലീഗ് – വെൽഫെയർ സഖ്യത്തിന് ജയം. ആകെയുള്ള 13 സീറ്റിൽ 8 ഇടത്താണ് സഖ്യം വിജയിച്ചിരിക്കുകയാണ്. കോൺഗ്രസും ലീഗും ഇവിടെ വെവ്വേറെയാണ് മത്സരിച്ചത്. ബി.ജെ.പി രണ്ടും എൽ.ഡി.എഫ് രണ്ടും കോൺഗ്രസ് ഒരു സീറ്റിലും ഇവിടെ വിജയിച്ചിട്ടുണ്ട്.