വ്യാജ ഭൂപടവുമായി പാകിസ്ഥാൻ, അജിത് ഡോവൽ യോഗം ബഹിഷ്കരിച്ചു.

കശ്മീർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പാക്ക് ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനാ അംഗങ്ങളുടെ കൂടിക്കാഴ്ച ഇന്ത്യ ബഹിഷ്‌കരിച്ചു. രാജ്യത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ് കൂടിക്കാഴ്ച ബഹിഷ്‌കരിച്ച് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്. ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാർ പങ്കെടുത്ത വിർച്വൽ മീറ്റിങ്ങിൽ നിന്നാണ് അജിത് ഡോവൽ ഇതേ തുടർന്ന് വാക്കൗട്ട് നടത്തുന്നത്. സംഭവത്തിൽ അധ്യക്ഷ രാഷ്ട്രമായ റഷ്യ പാകിസ്ഥാനെ ശകാരിച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയിൽ പങ്കെടുത്ത പാക്ക് പ്രതിനിധി ഡോ. മൊയീദ് യൂസഫ് തന്റെ പിന്നിൽ പാക്കിസ്ഥാന്റെ ഭൂപടമെന്ന നിലയിൽ കശ്മീർ ഉൾപ്പെടുത്തിയ ഭൂപടം പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറയുകയുണ്ടായി. ജമ്മു കശ്മീർ, ലഡാക്ക്, ഗുജറാത്തിന്റെ ഭാഗമായ ജുനഗഡ് എന്നീ പ്രദേശങ്ങൾ പാക്ക് ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന ഭൂപടം പ്രദർശിപ്പിക്കാൻ പാകിസ്ഥാനെ അനുവദിച്ചതിൽ യോഗത്തിന്റെ അദ്ധ്യക്ഷനായ റഷ്യയെ അജിത് ഡോവൽ രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ പാകിസ്ഥാന്റെ ഈ മനോഭാവത്തെ തള്ളിപ്പറഞ്ഞുകൊണ്ട് റഷ്യയും നിലപാടെടുക്കുകയുണ്ടായി.
റഷ്യൻ പ്രതിനിധിയാണ് കൂടിക്കാഴ്ചയിൽ അധ്യക്ഷത വഹിച്ചത്. പാക് നടപടി യോഗത്തിന്റെ മാനദണ്ഡങ്ങൾക്ക് എതിരായതിനാൽ അധ്യക്ഷനെ വിവരം ധരിപ്പിച്ച ശേഷം പ്രതിഷേധസൂചകമായി ഡോവൽ യോഗം ബഹിഷ്കരിക്കുകയായിരുന്നു. പാകിസ്ഥാന്റെ ഇത്തരത്തിലെ പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തിൽ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി നികോളായ് പത്രുഷെവ് പ്രത്യാശ പ്രകടിപ്പിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിൽ ജമ്മു കശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും തങ്ങളുടേതാണെന്ന് സ്ഥാപിക്കുന്ന ഭൂപടം പാകിസ്താൻ പുറത്തിറക്കിയിരുന്നു.
ജമ്മുകശ്മീരിലും ലഡാക്കിലും അവകാശവാദം ഉന്നയിച്ചാണ് പാകിസ്ഥാൻ പുതിയ ഭൂപടം പുറത്തിറക്കിയിരുന്നത്.
പാകിസ്ഥാൻ അവകാശവാദം ഉന്നയിച്ചിരുന്ന ഗുജറാത്തിന്റെ ഭാഗമായ ജുനഗഡിനും ഭൂപടത്തിൽ ഉണ്ട്. ജുനഗഡ് നേരത്തെ തന്നെ ഹിത പരിശോധനയിലൂടെ ഇന്ത്യയുടെ ഭാഗമായ പ്രദേശമാണെന്നു സ്ഥിരീകരിച്ചിരുന്നതാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണ് ഭൂപടം ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിൽ പുറത്തിറക്കിയിരിക്കുന്നത്.
തുടർന്ന്, ഫെഡറൽ ക്യാബ്നെറ്റ് അംഗീകരിച്ച് ഭൂപടം ഔദ്യോഗിക ഭൂപടമായി പാകിസ്ഥാൻ മാറ്റുകയായിരുന്നു.
പാകിസ്ഥാനിലെ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്നത്തിന് ഇതേ ഭൂപടമാണ് പാകിസ്ഥാൻ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിലാണ്, ഷാങ്ഹായ് സഹകരണ സംഘടനാ അംഗങ്ങളുടെ കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം പ്രദർശിപ്പിച്ചിരിക്കുന്നത്. നേരത്തെ നേപ്പാളും ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി സമാനമായ രീതിയിൽ ഭൂപടം തയ്യാറാക്കിയിരുന്നു.