ഓണം സദ്യ വാഴയിലയിൽ വിളമ്പുന്നതിന് കാരണം ഇതാണ്

ഓണം ആഘോഷത്തിന് മുന്നോടിയായി വീടുകളിലെ അടുക്കളകളിൽ സദ്യ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തിരുവോണദിനത്തിൽ തൂശനിലയിൽ വിളമ്പാനായി കായ വറുത്തത്, ഇഞ്ചിക്കറി പോലുള്ള പ്രധാന കൂട്ടുകറിയുകൾ നേരത്തെ തന്നെ തയ്യാറാക്കുന്നു. വാഴയിലയിൽ വിളമ്പുന്ന സമൃദ്ധമായ സദ്യ ഇല്ലാതെ ഓണം പൂർണമാകില്ലല്ലോ. എന്നാൽ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് വെറും സാംസ്‌കാരിക ആചാരമോ ‘എസ്‌തെറ്റിക് വൈബ്’ മാത്രമോ അല്ല, അതിന് നിരവധി ആരോഗ്യഗുണങ്ങളും പരിസ്ഥിതി സൗഹൃദ സ്വഭാവവും ഉണ്ട്.
വാഴയിലയിൽ വിളമ്പുന്ന ചോറിന് പ്രത്യേക രുചി അനുഭവപ്പെടുന്നത് യാദൃച്ഛികമല്ല. ഇലയുടെ മേൽപ്പുറത്തെ പ്രകൃതിദത്തമായ വാക്സ് കോട്ടിംഗാണ് അതിന് കാരണം. ചൂടു ചോറ് വിളമ്പുമ്പോൾ ഈ വാക്സ് അലിഞ്ഞ് ചോറിന് രുചിയും മണവും കൂട്ടും. കൂടാതെ വാഴയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫീനോൾ ശക്തമായ ആന്റി-ഓക്സിഡന്റാണ്, അത് ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കുകയും ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യും.
ആന്റി-ബാക്ടീരിയൽ ഗുണവും വാഴയിലയ്ക്കുണ്ട്. ചൂട് ഭക്ഷണം വിളമ്പുമ്പോൾ ഇലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ സജീവമാകുകയും, ഭക്ഷണത്തിൽ ഉണ്ടായേക്കാവുന്ന ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.
അതേസമയം, പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂട് ഭക്ഷണം വിളമ്പുമ്പോൾ രാസവസ്തുക്കൾ പുറപ്പെടുകയും അത് ആരോഗ്യത്തിന് അപകടകാരിയാകുകയും ചെയ്യാം. എന്നാൽ വാഴയിലയിൽ എത്ര ചൂടുള്ള ഭക്ഷണം വിളമ്പിയാലും സുരക്ഷിതമാണ്. കൂടാതെ വാഴയില പരിസ്ഥിതിയ്ക്ക് സൗഹൃദപരവുമാണ്. അതിനാൽ വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ ആരോഗ്യത്തിനും പ്രകൃതിക്കും ഗുണകരമാണെന്ന് വിദഗ്ധർ പറയുന്നു.
Tag: This is the reason why Onam Sadhya is served on banana leaves