റിപ്പബ്ലിക് ദിനാഘോഷത്തിന് ഇത്തവണ മുഖ്യാതിഥിയില്ല.

ന്യൂഡൽഹി/കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ വിദേശ ഭരണാധികാരികളെ മുഖ്യാതിഥിയാക്കില്ലെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചു. 55 വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ മുഖ്യാതിഥിയില്ലാതെ നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്.
“ഇപ്രാവശ്യത്തെ റിപ്പബ്ലിക്ക് ദിനത്തിന് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ നേതാക്കളെയോ, പ്രതിനിധികളെയോ വിശിഷ്ട അതിഥികളായി ഇനി ക്ഷണിക്കേണ്ടതില്ലയെന്നാണ് തീരുമാനം. ലോകം മുഴുവൻ കോവിഡ് മഹാമാരിയുമായി പൊരുതുന്ന സാഹചര്യത്തിൽ ആണ് ഇന്ത്യയുടെ തീരുമാനം.” കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം റിപ്പബ്ലിക് ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോരിസ് ജോൺസണായിരുന്നു നേരത്തെ തീരുമാനിച്ചിരുന്ന റിപ്പബ്ലിക്ക് ദിനത്തിനുള്ള വിശിഷ്ടാതിഥി. എന്നാൽ ബ്രിട്ടനിൽ അതിവേഗ കോവിഡ് കൂടി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ബോരിസ് ജോൺസൺ വേണ്ടെന്നു വെക്കുകയായിരുന്നു.തുടർന്ന് ചില ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ മുഖ്യാതിഥിയാകും എന്ന വാർത്തയും വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയത്.