വ്യക്തി വൈരാഗ്യം: അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്
തൊടുപുഴ: വ്യക്തി വൈരാഗ്യത്തിൻറെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്.
ആരോപണം നിഷേധിച്ച സേതുബാബു വ്യക്തിവൈരാഗ്യം തീർക്കാൻ സോമൻ കള്ളക്കേസ് നൽകിയതാണെന്ന് ആരോപിച്ചു. തെക്കുംഭാഗത്ത് സേതുബാബുവിൻറെ വീടിന് മുന്നിൽ സോമൻറെ സുഹൃത്തായ ജിനു കിണർ കുഴിച്ചതിനെ ചൊല്ലി മാസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വീണ്ടും ഇരു കൂട്ടരുമായി തർക്കമുണ്ടാവുകയും ഇതിനിടെ സേതുബാബു തന്നെ തല്ലുകയും പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് സോമൻറെ പരാതി. എന്നാൽ വീടിന് മുന്നിൽ കോഴി ഫാം നിർമിക്കാനാണ് സോമൻറെ സുഹൃത്ത് ജിനു ശ്രമിച്ചതെന്നും ഇതിന് താൻ സ്റ്റേ വാങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സേതുബാബു പറഞ്ഞു.
രണ്ടു കൂട്ടരുടെയും ഭാഗത്തു നിന്നുള്ള പരാതികളിൻമേൽ നാലു കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തൊടുപുഴ സിഐ സുധീർ മനോഹർ പറഞ്ഞു. ഇരു കൂട്ടരും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.