Kerala NewsLatest NewsNewsPolitics

മാധ്യമപ്രവര്‍ത്തകനെതിരെ ഭീഷണി: ദേശാഭിമാനിക്കെന്താ കൊമ്പുണ്ടോ?

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ലൈവായി ചര്‍ച്ച നടന്നുകൊണ്ടിരിക്കെ സീനിയര്‍ മാധ്യമപ്രവര്‍ത്തകന് ഭീഷണി. ഇന്നലെ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠനാണ് ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി. ജോണിന് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നിയമസഭയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ തെമ്മാടിത്തരം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വിനുവിന്റെ ഫോണിലേക്ക് ശ്രീകണ്ഠന്‍ ഭീഷണി സന്ദേശം അയച്ചത്.

‘ഇയാള്‍ക്ക് ലജ്ജയില്ലേ എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാന്‍ താങ്കള്‍ക്ക് എന്ത് അധികാരം; ഇത് മാന്യമായ രീതിയല്ല; ഇതുപോലെ ചാനലില്‍ നെഗളിച്ച ചിലരുടെ വിധി ഓര്‍ക്കുക; ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്’ ഇതായിരുന്നു ഭീഷണി സന്ദേശം. തങ്ങളെ എതിര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണ് ഇതിനു പിന്നിലെന്നാണ് മറ്റു പത്രപ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരുവനന്തപുരത്തുതന്നെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ആക്‌സിഡന്റില്‍ മരണപ്പെട്ടിരുന്നു, കെ.എം. ബഷീറും എസ്.വി. പ്രദീപും. ബഷീര്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. 2019 ഓഗസ്റ്റ് മൂന്നിനായിരുന്നു ആക്‌സിഡന്റ് നടന്നത്. ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ചാണ് ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചായിരുന്നു വാഹനമോടിച്ചതെന്നാണ് അന്ന് പുറത്തുവന്ന വിവരം.

എന്നാല്‍ 2020 ഡിസംബര്‍ 15ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപ് പട്ടാപ്പകല്‍ ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു. എം സാന്‍ഡ് കയറ്റിപ്പോകുന്ന ടിപ്പര്‍ ലോറിയാണ് പ്രദീപിനെ ഇടിച്ചിട്ടത്. തുടര്‍ന്ന് ലോറി നിര്‍ത്താതെ പോവുകയും ചെയ്തു. അഞ്ചു ദിവസത്തിനുശേഷമാണ് ടിപ്പര്‍ ലോറിയുടെ ഡ്രൈവറെ പിടികൂടിയത്. പ്രദീപിന്റെ മരണം കൊലപാതകമാണെന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും കുടുംബവും സുഹൃത്തുക്കളുമെല്ലാം പറഞ്ഞു. അപ്രിയസത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ ജീവന്‍ നല്‍കേണ്ടിവന്ന ആ പത്രപ്രവര്‍ത്തകന്റെ അവസ്ഥയാണോ വിനുവിനെ കാത്തിരിക്കുന്നത് എന്ന ചോദ്യമാണ് സാധാരണ പത്രപ്രവര്‍ത്തകരുടെ ഉള്ളില്‍ ഉയരുന്നത്.

അതോ മാതൃഭൂമിയില്‍ സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ വേണു ബാലകൃഷ്ണന്റെ അവസ്ഥയോ? എന്തായാലും ദേശാഭിമാനി ലേഖകന്‍ ശ്രീകണ്ഠന്‍ നല്‍കിയ ഭീഷണിക്കെതിരെ കേസ് നല്‍കാനാണ് വിനു വി. ജോണിന്റെ തീരുമാനം. ലൈവായി ചര്‍ച്ച നടന്നുകൊണ്ടിരിക്കെ ഭരിക്കുന്ന പാര്‍ട്ടി പത്രത്തിന്റെ മുതിര്‍ന്ന ലേഖകന്‍ സത്യങ്ങള്‍ വിളിച്ചുപറയുന്നതിനെതിരേ രംഗത്തുവരുമെന്ന് പ്രേക്ഷകര്‍ പോലും വിചാരിച്ചിട്ടില്ല.

താന്‍ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനാണ് എന്ന ഭാവമാണ് ഇത്തരത്തിലൊരു ഭീഷണി നല്‍കാന്‍ അദ്ദേഹത്തിന് പ്രേരണ നല്‍കിയത്. എന്തുവന്നാലും പാര്‍ട്ടി തന്നെ രക്ഷിക്കുമെന്നുള്ള വിശ്വാസവും ഉണ്ടായിരിക്കും. ഇത്തരം ഭീഷണികള്‍ സാധാരണക്കാരായ പത്രപ്രവര്‍ത്തകരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലവാരത്തിലേക്ക് എത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രദീപിന്റെ അവസ്ഥയാണോ വേണുവിന്റെ അവസ്ഥയാണോ വിനുവിന് വരിക എന്നകാര്യം കൂടി വ്യക്തമാക്കാനുള്ള ആര്‍ജവം കൂടി ശ്രീകണ്ഠന്‍ കാണിക്കണമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button