ആത്മഹത്യാശ്രമം നടത്തിയ ഗൃഹനാഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപെട്ടു.

തിരുവനന്തപുരം / കോടതി ഉത്തരവിനെ തുടർന്ന് തർക്കഭൂമി ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയ ഗൃഹനാഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപെട്ടു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു.
ജപ്തി നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തുന്നത്. ഡിസംബർ 22നായിരുന്നു സംഭവം. രാജനും കുടുംബവും നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിച്ചുവരുകയായിരുന്നു. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. ആറ് മാസം മുൻപ് ഭൂമി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാനായി ഉദ്യാഗസ്ഥർ എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം ഉണ്ടായത്. താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും ചികിത്സയിലിരിക്കെ രാജൻ മൊഴി നൽകിയിരുന്നു. രാജന്റെ മക്കളാണ് സോഷ്യൽ മീഡിയ വഴി മരണത്തിനു മുൻപുള്ള വെളിപ്പെടുത്തൽ പുറത്തുവിടുന്നത്.