കൂരാട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി, 4 പേർ ചികിത്സയിൽ
മൈസൂരില്‍ നിന്ന് മടങ്ങി വീടിന്റെ ഒന്നര കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്

മലപ്പുറം: ഇന്നോവ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെല്ലക്കുടി സ്വദേശി കുഞ്ഞിമുഹമ്മദ്, മകള്‍ താഹിറ എന്നിവരാണ് മരിച്ചത്. കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിമുഹമ്മദും താഹിറയും മരിച്ചത്.
താഹിറയുടെ മകള്‍ അന്‍ഷിദ മൈസൂരില്‍ നഴ്‌സിങ്ങിന് പഠിക്കുകയാണ്. ഇവിടെ പോയി ഇന്നലെ തിരിച്ചു വരവേയാണ് ഏഴംഗ കുടുംബം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. താഹിറയുടെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മല്‍, മുഹമ്മദ് അര്‍ഷദ്, പാണ്ടിക്കാട് വള്ളുവങ്ങാട് തെക്കേതില്‍ ഇസഹാഖ്, ഇസഹാഖിന്റെ മകള്‍ ഷിഫ്ര മെഹറിന്‍ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
നിലവില്‍ ഇവര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മൈസൂരില്‍ നിന്ന് മടങ്ങി വീടിന്റെ ഒന്നര കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇസ്ഹാഖാണ് കാര്‍ ഓടിച്ചത്. അപകട സമയത്ത് നല്ല മഴയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി രക്ഷപ്പെടുത്തുകയായിരുന്നു.
Three dead and four receiving treatment in an accident where a car crashed into a tree in Koorad