പാക് വ്യോമാക്രമണത്തിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ

പാക് വ്യോമാക്രമണത്തിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. അടുത്ത മാസം 5 മുതൽ 29 വരെ പാകിസ്ഥാൻ വേദിയായി നടത്താനിരുന്ന പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ–ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയായിരുന്നു ഇത്. അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പ്രാദേശിക താരങ്ങളുൾപ്പെടെ എട്ട് പേർ ജീവൻ നഷ്ടപ്പെടുത്തി.
ആക്രമണത്തെ ശക്തമായി അപലപിച്ച അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്, പാകിസ്ഥാന്റെ നടപടി “ഭീരുത്വപരമാണ്” എന്ന് വിമർശിച്ചു. ബോർഡിന്റെ തീരുമാനത്തെ പിന്തുണച്ച് അഫ്ഗാൻ ടീം നായകൻ റാഷിദ് ഖാൻ, “പാകിസ്ഥാന്റെ പ്രവർത്തനം പൂർണ്ണമായും നിന്ദനീയമാണ്” എന്ന് പ്രതികരിച്ചു.
ഉർഗൂൺ ജില്ലയിൽ നടന്ന വ്യോമാക്രമണത്തിലാണ് പ്രാദേശിക താരങ്ങളായ കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവർ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. അതിർത്തിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്നാരോപിച്ച് പാകിസ്ഥാൻ തിരിച്ചടിച്ചപ്പോൾ സംഘർഷം രൂക്ഷമായി.
ഇരു സൈന്യങ്ങൾക്കും ആൾനാശമുണ്ടായതിനെ തുടർന്ന് 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാകിസ്ഥാന്റെ പുതിയ വ്യോമാക്രമണം അതിർത്തിയിലെ സംഘർഷാവസ്ഥ വീണ്ടും കടുപ്പിച്ചു.
Tag: Three local cricketers killed in Pakistan airstrike; Afghanistan withdraws from tri-series