എസി കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഫരീദാബാദിലെ ഗ്രീൻ ഫീൽഡ് കോളനിയിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. സച്ചിൻ കപൂർ (49), ഭാര്യ റിങ്കു കപൂർ (48), മകൾ സുജ്ജയ്ന്‍ (13) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുനായയും സംഭവം സ്ഥലത്തുവച്ച് മരിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. നാല് നില കെട്ടിടത്തിലെ ഒന്നാം നിലയിലാണ് എസി കംപ്രസർ പൊട്ടിത്തെറിച്ചത്. എന്നാൽ, രണ്ടാം നിലയിൽ താമസിച്ചിരുന്ന കപൂർ കുടുംബമാണ് ദുരന്തത്തിൽപ്പെട്ടത്. ഒന്നാം നിലയിൽ ആളുകൾ താമസിച്ചിരുന്നില്ല. സ്‌ഫോടനത്തിൽ ഉയർന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കുടുംബാംഗങ്ങൾ ഒരേ മുറിയിലായിരുന്നു.
അതേസമയം, മറ്റൊരു മുറിയിൽ ഉണ്ടായിരുന്ന മകൻ ആര്യൻ കപൂർ (24) അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ അപകടം തിരിച്ചറിഞ്ഞ് ജനൽ വഴി ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ടെറസിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ പൂട്ടിയിരുന്നതോടെ ശ്വാസംമുട്ടിയാണ് മൂന്നുപേരും മരിച്ചതെന്ന് പോലീസ് അറിയിച്ചു. ശക്തമായ സ്‌ഫോടന ശബ്ദം കേട്ടാണ് സംഭവ വിവരം അറിയാനായത് എന്ന് അയൽക്കാർ പറഞ്ഞു.
Tag; Three members of a family die in AC compressor explosion