ചെന്നൈയെ എറിഞ്ഞിട്ട് കൊൽക്കത്ത; കൊൽക്കത്തയ്ക്ക് 10 റൺസ് ജയം

മുൻ നിര ബാറ്റ്സ്മാൻമാർ അവസരത്തിനൊത്ത് ഉയരാതിരുന്നതോടെ കൊൽക്കത്തയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി. 10 റൺസിനായിരുന്നു കൊൽക്കത്തയുടെ വിജയം. കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ചെന്നൈ സൂപ്പർ കിങ്സ് ഇന്നിംഗ്സ് 20 ഓവറിൽ അഞ്ചിന് 157 റൺസ് എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
50 റൺസെടുത്ത ഷെയ്ൻ വാട്ട്സനും 30 റൺസെടുത്ത അമ്പാട്ടി റായിഡുവുമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. ധോണി ഉൾപ്പടെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ എന്നിവരും കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 167 റൺസിന് പുറത്തായി. 81 റൺസെടുത്ത ഓപ്പണർ രാഹു |ൽ ത്രിപാഠിയുടെ ഇന്നിംഗ്സാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. കൊൽക്കത്ത ഇന്നിംഗ്സിൽ ത്രിപാഠിയെ കൂടാതെ മാറ്റാർക്കും 20 റൺസിൽ കൂടുതൽ സ്കോർ ചെയ്യാൻ സാധിച്ചില്ല. പാറ്റ് കമ്മിൻസും സുനിൽ നരെയ്നും 17 റൺസ് വീതം നേടി.
ചെന്നൈയുടെ അച്ചടക്കത്തോടെയുള്ള ബൌളിംഗാണ് കൊൽക്കത്തയെ വമ്പൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞത്. ഡ്വൈൻ ബ്രാവോ മൂന്നു വിക്കറ്റെടുത്തപ്പോൾ, സാം കുറാൻ, ശ്രദ്ധുൽ താക്കൂർ, കരൻ ശർമ്മ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.