ബാംഗ്ലൂരില്‍ കോവിഡ് ബാധിച്ച 3000 പേരെ ‘കാണാനില്ല’, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്; തിരച്ചില്‍ ആരംഭിച്ച് പൊലീസ്
ബെംഗളുരു: കോവിഡ് രൂക്ഷമായി തുടരുന്നതിനിടയില്‍ രോഗം ബാധിച്ച 3000 പേരെ കാണാനില്ലെന്ന് ബെംഗളുരു പൊലീസ്. ഇതില്‍ പലരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് മൂവായിരം പേരെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുന്നത്.
കോവിഡ് സ്ഥിരീകരിച്ചിട്ടും അധികൃതരെ അറിയിക്കാതെ മാറി നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക രംഗത്തെത്തി. കണ്ടെത്താനാകാത്ത ഈ രോഗികളാണ് രോഗവ്യാപനം ഉണ്ടാക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബെംഗളുരുവിലെ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഇന്നലെ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ രോഗികളാണ് കര്‍ണാടകയില്‍ റിപ്പോര്ട്ട് ചെയ്തത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 39,047 22,596 ഉം ബെംഗളുരുവില്‍ നിന്നാണ്.
കണ്ടെത്താനാകാത്ത കോവിഡ് രോഗികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചതായി ആര്‍ അശോക പറഞ്ഞു. അതേസമയം, പൊലീസ് അന്വേഷണത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് പോസിറ്റീവായ പലരേയും കണ്ടെത്താനാകാത്തത് പ്രശ്നമുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. കെ സുധാകറും പറയുന്നു.
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായിട്ടാണ് മരുന്നുകള്‍ നല്‍കുന്നത്. ഇതിലൂടെ 90 ശതമാനം കേസുകളും നിയന്ത്രണവിധേയമാക്കാം. പക്ഷേ, അവര്‍(കണ്ടെത്താനാകാത്ത കോവിഡ് രോഗികള്‍0 ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
കോവിഡ് പോസിറ്റീവായ പലരും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയാണെന്നും തങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ വിമുഖത കാണിക്കുന്നതും വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി മന്ത്രി പറയുന്നു. ഗുരുതരമായ സ്ഥിതിയിലാണ് ഇവര്‍ ആശുപത്രികളില്‍ എത്തുന്നത്. ഐസിയു വെപ്രാളപ്പെട്ട് ബെഡ് അന്വേഷിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളുരുവില്‍ മാത്രം 2000 മുതല്‍ 3000 കോവിഡ് രോഗികളെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീട് ഉപേക്ഷിച്ച് പോയിരിക്കുകയാണ്. ഇവര്‍ എങ്ങോട്ടാണ് പോയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നു ആരോഗ്യമന്ത്രി പറയുന്നു.
കോവിഡ് രോഗികള്‍ തങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്നും ഇത്തരം പ്രവര്‍ത്തികളിലൂടെ രോഗവ്യാപനം കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുകയെന്നും കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നു. അവസാന നിമിഷം ഐസിയു ബെഡ് അന്വേഷിച്ച് ആശുപത്രിയില്‍ എത്തുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു.
കോവിഡ് ബാധിച്ച 20 ശതമാനം പേരെങ്കിലും ആരോഗ്യവകുപ്പിനോട് സഹകരിക്കുന്നില്ല. പൊലീസ് ഇവരെ സ്വന്തം നിലയില്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്. ചിലര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു, മറ്റു ചിലര്‍ സംസ്ഥാനം വിട്ട് പോയി. വേറെ ചിലര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല. ആരോഗ്യമന്ത്രി പറയുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെംഗളുരുവില്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച മുതല്‍ 14 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 3,28,884 സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2,192 പേര്‍ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.