സർക്കാർ വന്നിട്ട് എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രം: പറഞ്ഞ വാക്കൊന്നും സർക്കാർ പാലിച്ചില്ല; വിമർശനവുമായി തൃശ്ശൂർ അതിരൂപത

തൃശ്ശൂർ: സംസ്ഥാന സർക്കാരിനെ വിമർശിച്ച് തൃശ്ശൂർ അതിരൂപത രംഗത്ത്. പറഞ്ഞ വാക്കൊന്നും സർക്കാർ പാലിച്ചില്ലെന്നാണ് വിമർശനം. സർക്കാർ വന്നിട്ട് എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണ്. വോട്ട് പാഴാക്കാതെ ബുദ്ധിപൂർവ്വം വിനിയോഗിക്കണം. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെയും അകറ്റിനിർത്തണമെന്നും വിശ്വാസികളോട് അതിരൂപത നിർദ്ദേശിച്ചിട്ടുണ്ട്. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് സർക്കാരിനെതിരെയുള്ള രൂക്ഷവിമർശനം.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന എൽഡിഎഫ് സർക്കാർ ഒന്നും ശരിയാക്കിയില്ല എന്ന് പറഞ്ഞാണ് ഇടതുമുന്നണിക്കെതിരായ വിമർശനം. പിൻവാതിൽ നിയമനം അടക്കമുള്ളവ എടുത്തുപറഞ്ഞാണ് ഈ വിമർശനങ്ങളെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ട് മാസത്തെ കത്തോലിക്ക സഭയുടെ ലേഖനങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാനാവുന്ന കാര്യം തൃശ്ശൂർ അതിരൂപത ഇടതു മുന്നണിയെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണിരുന്നത് എന്നാണ്.
അതേസമയം, ബിജെപിയെ പറ്റി യാതൊന്നും തന്നെ പറഞ്ഞിരുന്നതുമില്ല. ഇക്കുറി അതിൽ നിന്ന് വ്യത്യസ്തമായി ബിജെപിയെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. ഇവർ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും വർഗീയതയുടെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്നുണ്ട്. കേരളം ഇതുവരെയും അതിന് പിടികൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാകരുത് എന്ന ആഹ്വാനമാണ് അതിരൂപത വിശ്വാസികൾക്ക് നൽകുന്നത്.