തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി

തൃശൂർ കുന്നംകുളത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സനൂപ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.
ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. അക്രമത്തിൽ മൂന്ന് സിപിഐ എം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. വിപിനെ ജൂബിലി മിഷൻ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെയാണ് അക്രമമുണ്ടായത്. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്. കൂലിപ്പണിക്കാരനാണ്. പ്രദേശത്തെ ആർഎസ്എസ് ബജ്രംഗ്ദൾ ക്രിമനൽ സംഘങ്ങളിലുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് സിപിഎം ആരോപിച്ചു.
പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ടി കെ വാസു, ഏരിയ സെക്രട്ടറി എം എൻ സത്യൻ എന്നിവർ സംഭവസ്ഥലത്തെത്തി.