തൃശ്ശൂർ സ്വദേശി മംഗളൂരുവിൽ കൊല്ലപ്പെട്ടു; മോഷണ ശ്രമമെന്ന് നിഗമനം.

തൃശ്ശൂർ സ്വദേശി മംഗളൂരുവിലെ വീട്ടിൽ കൊല്ലപ്പെട്ടു. മംഗളൂരു കാവൂർ ഗാന്ധിനഗറിലെ മല്ലി ലേ ഔട്ടിൽ താമസിക്കുന്ന ഗുരുവായൂർ കണ്ടാണശ്ശേരി മൈത്രി ജങ്ഷനിൽ ചുള്ളിപ്പറമ്പിൽ സുരേന്ദ്രൻ (63) ആണ് കൊല്ലപ്പെട്ടത്. പിന്നിൽ മോഷ്ടാക്കളാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വീട്ടിൽനിന്ന് സ്വർണവും പണവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് മോഷ്ടാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
23 വർഷമായി മംഗളൂരുവിലാണ് ഭാര്യ ശ്രീദേവിയോടൊപ്പം സുരേന്ദ്രൻ താമസം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഊണുകഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. ഈ സമയം ഭാര്യ സ്ഥാപനത്തിലേക്ക് പോയിരുന്നു. മാസവാടക വാങ്ങാനെത്തിയ പ്രാദേശിക കേബിൾ ടി.വി. ജീവനക്കാരനാണ് വീടിന്റെ ഹാളിൽ കുത്തേറ്റുമരിച്ചനിലയിൽ സുരേന്ദ്രനെ കാണുന്നത്. ഇയാൾ അയൽക്കാരെ അറിയിച്ചു. ഇവരാണ് പോലീസിൽ വിവരമറിയിച്ചത്.
മംഗലാപുരത്ത് 22 വർഷമായി ജ്യോതി ലബോറട്ടറീസിന്റെ ഏജൻസി നടത്തിവരുകയായിരുന്ന സുരേന്ദ്രന് മംഗളൂരുവിൽ സ്വന്തമായി സോഫ്റ്റ്വേർ സ്ഥാപനവുമുണ്ട്. സുരേന്ദ്രനെക്കുറിച്ച് നന്നായി അറിയുന്നവരാണ് കൊലപാതകത്തിനു പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. അടുത്തടുത്തായി വീടുകളുള്ള മല്ലി ലേ ഔട്ടിൽ അപരിചിതർക്ക് പകൽനേരത്ത് എത്തി കൊലപാതകം നടത്തലും കൊള്ളയടിക്കലും എളുപ്പമല്ലെന്നും പോലീസ് നിരീക്ഷിക്കുന്നു. കാവൂർ പോലീസിനാണ് അന്വേഷണ ചുമതല. ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ചുള്ളിപ്പറമ്പിൽ മാക്കയുടെയും കല്യാണിയുടെയും മകനാണ് സുരേന്ദ്രൻ. ആറുമാസം മുമ്പ് നാട്ടിലെത്തിയിരുന്നു. പിന്നീട് കോവിഡ് കാരണം വരാൻ കഴിഞ്ഞില്ല. മക്കൾ: നീതു (ഐ.ടി. ഉദ്യോഗസ്ഥ, സാൻഫ്രാൻസിസ്കോ), നിധീഷ് (ബഹ്റൈൻ). മരുമക്കൾ: രോഹിത് (സാൻഫ്രാൻസിസ്കോ), അഞ്ജലി (ബഹ്റൈൻ).