ടിക്ടോക് യുഎസ് നിയന്ത്രിത ഉടമസ്ഥതയിലേക്കു മാറും ; യു എസ് – ചൈന പ്രാഥമിക കരാറായി

മഡ്രിഡ് : സാമൂഹികമാധ്യമമായ ടിക്ടോക്കിന്റെ കാര്യത്തിലുള്ള തർക്കം പരിഹരിക്കാൻ ചൈനയുമായി പ്രാഥമിക കരാറുണ്ടാക്കി യുഎസ്. ഏതു സംമ്പന്ധിച്ച തീരുമാനം തിങ്കളാഴ്ച അറിയിച്ചു. അതനുസരിച്ച് ടിക്ടോക് യുഎസ് നിയന്ത്രിത ഉടമസ്ഥതയിലേക്കു മാറുമെന്ന് ട്രഷറി സെക്രട്ടറി സ്ലോട്ട് ബെസൻ്റ് അറിയിച്ചു. എന്നാൽ, വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് യുഎസ് കമ്പനിക്ക് വിൽക്കുന്നതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സർക്കാർ നൽകിയ സമയം ബുധനാഴ്ച അവസാനിക്കാനിരിക്കേയാണിത്. സമയപരിധി ക്കുള്ളിൽ വിൽപ്പന നടന്നില്ലെങ്കിൽ ടിക്ടോക് നിരോധിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

ടിക്ടോക്കിന്റെ കാര്യത്തിൽ കരാർ രൂപരേഖയായെന്ന വിവരം ‘ട്രൂത്ത് സോഷ്യലി’ലൂടെ ട്രംപ്തന്നെയാണ് ആദ്യം അറിയിച്ചത്. വെള്ളിയാഴ്ച ചൈനീസ് പ്രസിഡൻറ് ഷിജിൻപിങ്ങുമായി താൻ സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു. യുഎസ്-ചൈന തീരുവപ്രശ്നം പരിഹരിക്കുന്നതിനും, വ്യാപാരക്കരാറുണ്ടാക്കുന്നതിനുമുള്ള ചർച്ചകൾ സ്പെയിനിലെ മഡ്രിഡിൽ നടന്നവേളയിലാണ് പ്രഖ്യാപനമെത്തിയത്.
മഡ്രിഡിലെ ചർച്ചയിൽ യുഎസ് പ്രതിനിധിസംഘത്തെ നയിച്ച ട്രഷറി സെക്രട്ടറി സ്ലോട്ട് ബെസന്റ്, ചൈനീസ് വൈസ് പ്രീമി ഹി ലൈഫെങ്ങുമായി തിങ്കളാഴ്ച നടത്തിയ ചർച്ച യിലാണ് ടിക്ടോക്കിന്റെ കാര്യത്തിൽ ധാരണയായത്. ട്രംപും ഷിയും വെള്ളിയാഴ്ച നടത്തുന്ന സംഭാഷണത്തിൽ കരാറിന് പൂർണരൂപമാകുമെന്നും ബെസന്റ് അറിയിച്ചു.
രാജ്യസുരക്ഷയുടെ പ്രശ്നം പറഞ്ഞാണ് യുഎസ് ടിക്ടോക് നിരോധിക്കാനുള്ള തീരുമാനത്തിൽ എത്തിയത് . ഇറക്കുമതിത്തീരുവയുടെയും വ്യാപാരക്കരാറിൻ്റെയും കാര്യത്തിൽ മഡ്രിഡ് ചർച്ചയിൽ തിങ്കളാഴ്ച തീരുമാനമായില്ല.