“കാലം കാത്തിരിക്കുകയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി”; എഴുത്തുകാരി സാറാ ജോസഫ്

പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ എഴുത്തുകാരി സാറാ ജോസഫ് രംഗത്തുവന്നു. “കാലം കാത്തിരിക്കുകയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി” എന്ന് സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
കൂടിയാലോചനകളില്ലാതെ സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്. പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ പരസ്യമായി തള്ളി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഇടതുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം ആവർത്തിച്ചു. ഇന്ന് ചേരുന്ന സി.പി.ഐ. സംസ്ഥാന കമ്മിറ്റി അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഈ നിലയിൽ മുന്നണിയിൽ തുടരാൻ കഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, സംസ്ഥാന കമ്മിറ്റി കൂടുന്നുണ്ടെന്നും അതിനുശേഷം പ്രതികരിക്കാമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.
കൂടിയാലോചനയില്ലാതെ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. തങ്ങളുടെ എതിർപ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയിൽ ഒപ്പുവെച്ചത് കടുത്ത അവഗണനയായിട്ടാണ് സി.പി.ഐ. വിലയിരുത്തുന്നത്.
കടുത്ത നിലപാടിലേക്ക് സി.പി.ഐ. നീങ്ങുമോയെന്ന് വൈകാതെ അറിയാം. പി.എം. ശ്രീയിൽ ഒപ്പുവെച്ചത് സി.പി.ഐയുടെയും സി.പി.ഐ. (എം)-ന്റെയും നയത്തിന് വിരുദ്ധമാണെന്ന് മുതിർന്ന സി.പി.ഐ. നേതാവ് പ്രകാശ് ബാബു പ്രതികരിച്ചിരുന്നു. നയപരമായ കാര്യത്തിൽ ഒരു ഗവൺമെന്റ് സെക്രട്ടറി ഒപ്പിടാൻ പാടില്ലാത്തതാണ്. അത് എങ്ങനെ സംഭവിച്ചുവെന്നത് യോഗം ചർച്ച ചെയ്യും. സി.പി.ഐയും സി.പി.ഐ. (എം)-ഉം ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി.) വ്യക്തമായ നിലപാടെടുത്തിട്ടുള്ളതാണ്. നയത്തെ എതിർക്കുന്ന രണ്ട് പാർട്ടികൾ നേതൃത്വം നൽകുന്ന ഒരു സർക്കാരിലെ ഗവൺമെന്റ് സെക്രട്ടറി മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചതിൽ ചർച്ച ചെയ്ത് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tag: Time is waiting, communism will have a PM in Hindutva for the children; writer Sarah Joseph



