Kerala NewsLatest NewsUncategorized

വട്ടംകറക്കി കുതിരാൻ: 5 കിലോമീറ്റർ അകലെയുള്ള വിവാഹ വീട്ടിലേക്ക് സദ്യയുമായി സഞ്ചരിക്കേണ്ടി വന്നത് 68 കിലോമീറ്റർ

മണ്ണൂത്തി: കഴിഞ്ഞ ദിവസം അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള വിവാഹ വീട്ടിലേക്ക് സദ്യയുമായി എത്താനായി കാറ്ററിംഗ് സർവ്വീസുകാർക്ക് വേണ്ടി വന്നത് അഞ്ച് മണിക്കൂറാണ്. വിരുന്നുകാർക്ക് കൃത്യസമയത്ത് ഭക്ഷണമെത്തിക്കാൻ പലവഴികളിലൂടെയായി വാൻ സഞ്ചരിച്ചത് 68 കിലോമീറ്ററാണ്. കുതിരാനിലെ ഗതാഗതക്കുരുക്കിനെ കുറിച്ചാണ് ഈ പറയുന്നത്.

വിവാഹ സദ്യയെത്തുമോയെന്ന ആശങ്കയിൽ വീട്ടുകാരും വിരുന്നുകാരും ആശങ്കയിൽ കഴിഞ്ഞത് മൂന്ന് മണിക്കൂറാണ്. തൃശൂർ പാണഞ്ചേരിയിലെ പവിത്രം കാറ്ററിംഗ് സർവ്വീസിനെ വിവാഹസദ്യ ഏൽപ്പിക്കുമ്പോൾ കുതിരാൻ ഇത്തരമൊരു വെല്ലുവിളിയാവുമെന്ന് വീട്ടുകാർ വിചാരിച്ച് കാണില്ല. വാണിയമ്പാറ പ്ലാക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് സദ്യയുമായി വാൻ ദേശീയപാതയിൽ കുടുങ്ങിയത്. രാവിലെ 9 മണിക്ക് ശേഷമാണ് മുഹൂർത്തമെന്നതിനാൽ 10 മണിക്ക് ഭക്ഷണമെത്തിക്കാമെന്നായിരുന്നു കാറ്ററിംഗ് സർവ്വീസ് ഏറ്റത്. പതിനൊന്ന് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ അരമണിക്കൂർ മതിയാവുമെങ്കിലും ഗതാഗതക്കുരുക്ക് മുൻകൂട്ടിക്കണ്ട് എട്ട് മണിക്ക് തന്നെ സദ്യയുമായി പുറപ്പെട്ടു.

എന്നാൽ വിവാഹവീടിന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള വഴുക്കുംപാറയിൽ എത്തിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാവുകയായിരുന്നു. സദ്യ വൈകാതിരിക്കാൻ ചേലക്കര വഴി പോകാൻ കാറ്ററിംഗ് സർവ്വീസ് ജീവനക്കാർ തീരുമാനിച്ചു. തുടർന്ന് മണ്ണൂത്തിയിലേക്ക് തിരിച്ചുപോയി മുടിക്കോട്, ചിറക്കാക്കോട്, വടക്കാഞ്ചരി, ചേലക്കര, എളനാട് വഴി 68 കിലോമീറ്ററിലേറെ ദൂരം പിന്നിട്ട് വാൻ വിവാഹവീട്ടിലെത്തിയത് ഉച്ചയ്ക്ക് ഒരുമണിക്ക്. വെള്ളിയാഴ്ച രാത്രിയിൽ ചരക്കുലോറി മറിഞ്ഞത് മൂലമായിരുന്നു രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button