ലൈഫിനെത്തേടി സി ബി ഐ വിലങ്ങുമായി സെക്രട്ടറിയേറ്റിലേക്ക്

തിരുവനന്തപുരം/ വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐ നടത്താതിരിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയ പിണറായി സർക്കാരിലേക്കാണ് ഇനി സി ബി ഐ അന്വേഷണം. വിദേശസഹായ നിയന്ത്രണ ചട്ടലംഘനം, അഴിമതിനിരോധന നിയമം എന്നിവ ചുമത്തി ലൈഫ് മിഷൻ കേസുകൾക്ക് കരുത്ത് പകരുന്ന സി.ബി.ഐ, ലക്ഷ്യമിട്ടിരിക്കുന്നത് സെക്രട്ടറിയേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥരെ തന്നെയാണ്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറും ഇടപാടുകളും സി ബി ഐ തലനാരിഴ കീറി പരിശോധിക്കാൻ പോവുകയാണ്. അന്വേഷണം സെക്രട്ടറിയേറ്റിലെ ഇടനാഴികളിക്ക് കടക്കുമ്പോൾ ചില മന്ത്രി കസേരകൾക്കും അഞ്ചു ഐ എ എസ് ഉദ്യോഗസ്ഥർക്കും നെഞ്ചിടിപ്പേറും. ലൈഫ് പദ്ധതിയിയുടെ പേരിൽ ഇതുവരെ പറഞ്ഞ ന്യായീകരങ്ങൾ പലതും രക്ഷപെടാൻ പയറ്റിയ പൊള്ളത്തരങ്ങൾ ആയിരുന്നെന്നു വരും നാളുകളിൽ പുറം ലോകം അറിയും. ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട മിനുട്ട് നിർമ്മാണക്കരാർ അടക്കമുള്ള രേഖകളെല്ലാം ഇനി സി ബി ഐ പരിശോധിക്കും. ലൈഫിലെ 36പദ്ധതികളിൽ 26ഉം രണ്ട് കമ്പനികൾക്ക് ലഭിച്ചതിലും അന്വേഷണമുണ്ടാവും. വിദേശത്തടക്കം ഗൂഢാലോചന നടത്തിയതിന് ഐ.പി.സി120 (ബി) വകുപ്പ് സി.ബി.ഐ ചുമത്തിയിട്ടുണ്ട്.
ധാരണാപത്രം മുതൽ കരാർ നൽകിയതു വരെയുള്ള കാര്യങ്ങൾ സി ബി ഐ അന്വേഷിക്കും. കേസിൽ ഉദ്യോഗസ്ഥന്മാരടക്കം ഏതു ഉന്നതനെയും ചോദ്യം ചെയ്യും. മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് പിറകെ മുൻ ചീഫ് സെക്രട്ടറി ടോംജോസ്, തദ്ദേശ സെക്രട്ടറിയായിരുന്ന ടി.കെ.ജോസ്, സി.ഇ.ഒ യു.വി.ജോസ്, നോർക്ക സെക്രട്ടറി ഇളങ്കോവൻ എന്നിവരിലേക്കും സി ബി ഐ അന്വേഷണം ഉണ്ടാവും. വിജിലൻസ് അഞ്ചാം പ്രതിയാക്കിയിരിക്കുന്ന ശിവശങ്കറിനെയും സി.ബി.ഐയും പ്രതിയാക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധസംഘടനകളുടെ സഹായം സ്വീകരിക്കാമെങ്കിലും, പദ്ധതികൾക്ക് വിദേശ സഹായം വേണമെന്ന ചട്ടം സർക്കാർ ലംഘിച്ചിരിക്കുകയാണ്. കേന്ദ്രാനുമതി വാങ്ങാതെ നടന്ന ലൈഫിലെ ഇടപാടുകൾ അധോലോക ഇടപാടാണെന്ന്സി .ബി.ഐ പറയുന്നത് ഈ സാഹചര്യത്തിലാണ്. ലൈഫ് മിഷനുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 20 കോടി കേരളത്തിലേക്ക് എത്തുന്നത്. ധാരണാപത്രം ഉള്ളപ്പോൾ തന്നെ കോഴയിടപാട് നടത്തുകയായിരുന്നു. കരാർ ഒപ്പിട്ട സി.ഇ.ഒ യു.വി.ജോസും അംഗീകരിച്ച ഉദ്യോഗസ്ഥരും സർക്കാരിന്റെ പ്രതിനിധികളാണ്. കരാർ ഒപ്പിട്ടതും അവർ സർക്കാരിന്റെ ഭാഗമായതുകൊണ്ടായിരുന്നു. ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ഇതിനായുള്ള കരാർ ഒപ്പിടുന്നത്.ഈ കരാർ ഒപ്പിടുന്നതിൽ മുഖ്യ പങ്കു വഹിച്ച ചിലർക്ക് ഈ ഇടപാടിൽ പങ്കുടുന്നു സി ബി ഐ ബലമായി സംശയിക്കുന്നുണ്ട്.
ലൈഫ് പദ്ധതിയുടെ പ്രാരംഭ ചർച്ചകൾക്ക് സ്വർണക്കടത്ത് പ്രതി സന്ദീപ്‌നായർ ആണ് തുടക്കം കുറിക്കുന്നത്. നിർമ്മാണക്കരാറു കാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയ ശിവശങ്കർ തന്നെ വടക്കാഞ്ചേരി പദ്ധതിയുടെ ധാരണാപത്രം ഹൈജാക്ക് ചെയ്യുകയായിരുന്നു. കോഴ ഇടപാടുകൾ ശിവശങ്കറിന്റെ അറിവോടെയാണ് നടന്നത്. കോഴ കൈമാറിയശേഷം ശിവശങ്കറിനെ കണ്ടിട്ടാണ് യൂണിടാക് കമ്പനിയുടമക്ക് കരാർ പോലും ലഭിക്കുന്നത്. യൂണിടാകിന് സഹായം നൽകാൻ ശിവശങ്കർ, യു.വി.ജോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിരേഖകൾ സ്വപ്നയ്‌ക്ക് ചോർത്തി നൽകി കരാർ കോഴ ഇടപാടുകൾക്ക് ഒത്തുകളിച്ചതും ശിവശങ്കർ തന്നെയായിരുന്നു.
ലൈഫ് മിഷൻ ഇടപാടിലെ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഉന്നത ഉദ്യോഗസ്ഥർക്കാണെന്ന ഹൈക്കോടതി തന്നെ പരാമർശിച്ചിരിക്കു കയാണ്. എമിറേറ്റ്സിലെ റെഡ്ക്രസന്റ് നൽകിയ 20 കോടിയിൽ 4.48 കോടി കോഴയായി നൽക്കുകയായിരുന്നു. സ്വപ്നയുടെ ലോക്കറിലെ ഒരു കോടി ലൈഫ് കരാർ കിട്ടിയ യൂണിടാക്, ശിവശങ്കറിന് നൽകിയ കോഴയാണെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. പണത്തിനു പുറമെ ആറ് ഐഫോണുകളും കരാർ കിട്ടാനായി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടു ള്ളതാണ്. ഫോണിന് മാത്രമുള്ള ചെലവ് 3.93ലക്ഷം ആണ്. ഇതിൽ ഒരു ഫോൺ ശിവശങ്കർ ഉപയോഗിച്ചു വരുകയായിരുന്നു. സി ബി ഐ അന്വേഷണത്തിനിറങ്ങുമ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറക്കി കേസിൽ നിയമ തടസങ്ങൾ സൃഷ്ടിക്കാനും അട്ടിമറിക്കുമുള്ള ശ്രമങ്ങളാണ് ഉണ്ടായത്. ഒരു കോടിക്ക് മുകളിലെ വിദേശസംഭാവന എന്നത് അന്വേഷിക്കാൻ സി.ബി.ഐക്കാണ് രാജ്യത്ത് അധികാരം ഉള്ളത്. ഒരു കുറ്റകൃത്യത്തിൽ രണ്ട് ഏജൻസികളുടെ അന്വേഷണം നിയമപരമല്ലാത്തതിനാൽ, വിജിലൻസ് അന്വേഷണം റദ്ദാക്കാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.