keralaKerala NewsLatest News

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാൾ; ആശംസ നേർന്ന് ലോക നേതാക്കൾ

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാൾ. ആശംസകൾ നേർന്ന് ലോക നേതാക്കൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. “യഥാർത്ഥ നേതൃഗുണം മോദിയിലാണ്” എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. വിരമിക്കൽ സംബന്ധിച്ച അനുമാനങ്ങൾക്കിടയിലും, പാർട്ടിയിലും സർക്കാരിലും കൂടുതൽ ശക്തിയോടെ മോദി എഴുപത്തിയഞ്ചാം വയസിലേക്ക് കടക്കുകയാണ്. നിർണായക സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ, ബിജെപിക്ക് മോദിക്ക് പകരം വേറൊരു മുഖം മുന്നോട്ടുവയ്ക്കാനുള്ള സാഹചര്യം കാണുന്നില്ല.

1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വട്നഗറിൽ ജനിച്ച നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജീവിതപഥം ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ അടയാളപ്പെടുത്താനാകാത്ത ഭാഗമാണ്. പതിനേഴാം വയസിൽ വീട് വിട്ട് ആർ.എസ്.എസ്. പ്രവർത്തനം ആരംഭിച്ച അദ്ദേഹം, 1987-ൽ ഗുജറാത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറിയായി, 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ഉയർന്നു. 2002ലെ കലാപത്തിന് പിന്നാലെ കടുത്ത വിമർശനങ്ങൾ നേരിട്ടെങ്കിലും, 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാജ്യത്തെ നയിക്കുകയാണ്.

രാമക്ഷേത്ര നിർമ്മാണം, ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, വഖഫ് നിയമ ഭേദഗതി, ചില സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പാക്കൽ തുടങ്ങി സംഘപരിവാർ വർഷങ്ങളായി ലക്ഷ്യമിട്ട പദ്ധതികൾ മോദിയുടെ കാലഘട്ടത്തിലാണ് യാഥാർത്ഥ്യമായത്. എങ്കിലും, ആർ.എസ്.എസ്.യുമായുള്ള ബന്ധവും, 75 വയസിൽ ‘മാർഗ്ഗനിർദ്ദേശക മണ്ഡലത്തിലേക്ക് മാറുമോ?’ എന്ന ചർച്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത് ഈ അഭ്യൂഹങ്ങൾ തള്ളി. ഉപരാഷ്ട്രപതി പദവിയിൽ ആർ.എസ്.എസ്. പ്രതിനിധിയെ എത്തിച്ചതും, അമേരിക്കയുമായുള്ള തർക്കങ്ങൾ പരിഹരിച്ചതുമെല്ലാം മോദി ഭരണത്തിന്റെ സ്ഥിരത കൂട്ടുന്ന ഘടകങ്ങളായി മാറി.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലം തുടർച്ചയായി അധികാരത്തിൽ നിന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് മറികടന്ന നേട്ടം ജൂലൈയിൽ മോദി സ്വന്തമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം കരുത്തുകാട്ടിയെങ്കിലും ഹരിയാന, മഹാരാഷ്ട്ര, ദില്ലി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലേക്ക് നയിച്ച് താൻ ഇപ്പോഴും അപരാജിതനാണെന്ന് അദ്ദേഹം തെളിയിച്ചു.

പുതിയ ആശയങ്ങളും മുദ്രാവാക്യങ്ങളും മുന്നോട്ടു വച്ച് രാഷ്ട്രീയ അജണ്ട കൈയ്യിലെടുക്കാനുള്ള കഴിവാണ് മോദിയെ വേറിട്ടുനിർത്തുന്നത്. എഴുപത്തിയഞ്ചാം വയസിൽ താൻ പിൻമാറുന്നില്ലെന്ന സന്ദേശമാണ് മോദി നൽകുന്നത്. ഇപ്പോഴുള്ള സാഹചര്യത്തിൽ പാർട്ടിക്കകത്ത് അദ്ദേഹത്തിന് പകരം വരാൻ ഒരാൾ ഇല്ലെന്നതാണ് യാഥാർത്ഥ്യം. 2029ലെ തിരഞ്ഞെടുപ്പിലും രാജ്യത്തെ നയിക്കാൻ മുന്നിലുണ്ടാകാനുള്ള സാധ്യതയാണ് മോദിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് ശക്തമായി തെളിഞ്ഞിരിക്കുന്നത്.

Tag: Today is Prime Minister Narendra Modi’s 75th birthday; World leaders wish him well

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button