ഇന്ന് വിദ്യാരംഭം; ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ
ഇന്ന് വിദ്യാരംഭം. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും. തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾക്കുളള ഒരുക്കങ്ങൾ പൂർത്തിയായി. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായിരുന്ന എം.ടി. വാസുദേവൻ നായർ വിടപറഞ്ഞതിനു ശേഷമുള്ള തുഞ്ചൻ സ്മാരകത്തിലെ ആദ്യത്തെ വിദ്യാരംഭ ചടങ്ങു കൂടിയാണിത്.
കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരൻ, പി.സി. സത്യനാരായണൻ, പ്രഭേഷ് പണിക്കർ എന്നിവരും സരസ്വതീ മണ്ഡപത്തിൽ മലയാളത്തിലെ പ്രമുഖരായ 40 എഴുത്തുകാരും അരിയിട്ട വെള്ളിത്തളികയിലും നാവിൻതുമ്പിലും കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കും.
തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നു. തിരൂർ തുഞ്ചൻ പറമ്പിൽനിന്നുള്ള മണൽ ഉപയോഗിച്ചാണ് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന എറണാകുളം പറവൂർ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും രാവിലെ മുതൽ ചടങ്ങുകൾ ആരംഭിച്ചു. എറണാകുളം ചോറ്റാനിക്കര ക്ഷേത്രം, തൃശ്ശൂരിലെ ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും ചടങ്ങുകൾ നടക്കുന്നുണ്ട്.
Tag: Today is the start of schoolinf, vijayadasami; children enter the world of knowledge by writing their first letter