ഇന്ന് ലോക സാക്ഷരതാദിനം, ഇന്ത്യയിൽ 34.62 ശതമാനം ഇന്നും നിരക്ഷരർ

ഇന്ന് ലോക സാക്ഷരതാദിനം. ദാരിദ്ര്യവും രോഗങ്ങളും പോലെ ലോകത്ത് നിന്ന് തുടച്ചു മാറ്റപ്പെടേണ്ടതാണ് നിരക്ഷരത എന്ന് ലോകത്തെ ഓർമ്മപ്പെടുത്തുന്ന ദിനം. ലോകത്തിലെ വലിയൊരു ശതമാനം ജനങ്ങൾ ഇന്നും നിരക്ഷരരാണ്. ഈ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്ന ഓർമ്മപ്പെടുത്തലാണ് അന്താരാഷ്ട്ര തലത്തില്‍ സാക്ഷരതാദിനം ആചരിക്കുന്നത്തിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നത്.
എഴുതാനും വായിക്കാനും അറിയാത്ത 75.8 കോടി ജനങ്ങള്‍ ലോകത്തുണ്ടെന്നാണ് യുനെസ്‌കൊ പറയുന്നത്. ഇന്ത്യയിൽ സാക്ഷരതയിൽ എത്തിയവർ 65.38 ശതമാനമാണ്. കേരളത്തില്‍ ഇത് 90.92 ശതമാനമാണ്. എഴുത്തും വായനയുമറിയാത്ത ജനത എന്നത് ആത്മവിശ്വാസം ഇല്ലാത്ത ഇരുട്ടിലാണ് ഇന്നും ജീവിക്കുന്നത്. വിദ്യാഭ്യാസം ലഭിച്ച മനുഷ്യൻ അത് മറ്റുള്ളവർക്ക് പകര്‍ന്നുകൊടുക്കണം എന്നതാണ് സാക്ഷരതാ ദിനം ലോകത്തോട് പറയുന്നത്. സമൂഹത്തിന്റെ പൊതുവികാസം സാധ്യമാകാതെ സാക്ഷരത നേടുന്നത് അർത്ഥസൂന്യമായ വസ്തുതയാണ്. 1965-ല്‍ ഇറാനിലെ ടെഹ്‌റാന്‍ നഗരത്തില്‍ ചേര്‍ന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന യജ്ഞം തുടങ്ങാന്‍ അംഗരാഷ്ട്രങ്ങളോട് ആദ്യമായി അഭ്യര്‍ത്ഥിക്കപ്പെടുന്നത്. സമൂഹം സാക്ഷരരായിരിക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണം ലക്ഷ്യം വെക്കുന്നത്.
വ്യക്തികളുടെയും സമൂഹത്തിന്റെയും വിമോചനത്തിനും വികാസത്തിനും സാക്ഷരത എന്നത് അനിവാര്യമാണ്. യാഥാർഥ്യങ്ങളുടെ തിരിച്ചറിവാണ് സാക്ഷരത മനുഷ്യ സമൂഹത്തിനു നൽകുന്നത്. നിരക്ഷരരായ സമൂഹത്തിനും വ്യക്തികള്‍ക്കും സ്വതന്ത്ര വിചാരങ്ങളും ആത്മവിശ്വാസവും അന്യമാണ്. തന്റെയും, സമൂഹത്തിന്റെയും പൊതുവികാസത്തിന് പ്രയത്‌നിക്കുകയാണ് വിദ്യാഭ്യാസം നേടിയ ഓരോ പൗരന്റെയും ഉത്തരവാദിത്വം എന്നതാണ് യാഥാർഥ്യം. സ്‌കൂളില്‍ പോകാതെ ഒരു കുട്ടി വളരുന്നുണ്ടെങ്കില്‍ അതിന്റെ കുറ്റകരമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് സമൂഹവും സര്‍ക്കാരും മുക്തരാകുന്നില്ല. നിരക്ഷരരായ ദമ്പതികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും, പാരമ്പര്യരോഗംപോലെ നിരക്ഷരതയിലേക്ക് തള്ളിവിടപ്പെടുകയാണ്. അത്യാധുനിക കമ്പ്യൂട്ടർ ലോകത്തിന്റെ കാലത്ത് അക്ഷരങ്ങള്‍ക്കും എഴുത്തിനും പ്രസക്തിയില്ല എന്ന വാദവും ഇക്കാര്യത്തിൽ തെറ്റുതന്നെയാണ്. നിരക്ഷരത നിര്‍മ്മാര്‍ജ്ജനത്തിന് യുനെസ്‌കൊയും ലോകരാഷ്ട്രങ്ങളും അക്ഷീണ പരിശ്രമം നടത്തിയിട്ടും കോടിക്കണക്കിന് ജനങ്ങള്‍ ഇന്നും അക്ഷരവെളിച്ചം സിദ്ധിക്കാത്തവരായി കഴിയുകയാണ്.
ഇന്ത്യയെപ്പോലുള്ള രാജ്യത്ത് നിരക്ഷരത നിര്‍മ്മാര്‍ജ്ജനം പരിശ്രമകരമായ ജോലിയാണ്. സാംസ്‌കാരിക വൈവിധ്യങ്ങളും ഭാഷാ വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യയിൽ 2011-ലെ കാനേഷുമാരി പ്രകാരം 19,569 ഭാഷകളാണ് നിലവിലുള്ളത്. ഇവയെ പലരീതിയില്‍ വ്യവകലനവും വിശകലനവും നടത്തി 121 ഭാഷകളായി തിരിച്ചിരിക്കുന്നു. ഇവയില്‍ 22 ഭാഷകള്‍ക്ക് മാത്രമേ ഇന്നും ഭരണഘടനാപരമായ സംരക്ഷണം ഉള്ളൂ. ഭരണഘടനയുടെ എട്ടാം പട്ടികയാണ് ഈ സംരക്ഷണം രാജ്യം നല്‍കുന്നത്. ഇന്ത്യയുടെ ജനസംഖ്യയില്‍ 96.71 ശതമാനം പേരും ഭരണഘടന അംഗീകരിച്ച ഭാഷ സംസാരിക്കുന്നവരാണ്. 3.29 ശതമാനം ഔദ്യോഗികമായി അംഗീകാരമില്ലാത്ത ഭാഷയാണ് ആശയവിനിമയത്തിന് ഇന്നും ഉപയോഗിക്കുന്നത്. പ്രാദേശിക ഭാഷകള്‍ക്ക് മീതെ ഉത്തരേന്ത്യന്‍ ഭാഷയായ ഹിന്ദി ആധിപത്യം നേടിയത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ വലിയ പ്രക്ഷോഭത്തിന് വരെ ഈയിടെ കാരണമായി.
രാജ്യത്തെ ജനസംഖ്യയില്‍ 43.63 ശതമാനവും ഹിന്ദി സംസാരിക്കുന്നവരായിട്ടാണ് ഉള്ളത്. വ്യക്തിപരമായി സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സാമൂഹ്യ സാക്ഷരതയും വളര്‍ത്തിക്കൊണ്ട് വരേണ്ടത്തിന്റെ ആവശ്യമാണ് രാജ്യത്തിനു ഇന്ന് ആവശ്യം. സാമ്പത്തിക സാക്ഷരത, പരിസ്ഥിതി സാക്ഷരത, ജലസാക്ഷരത, ലിംഗ സാക്ഷരത എന്നിവയില്‍ സമൂഹം ഇനിയും ബോധവല്‍ക്കരിക്കപെടേണ്ടിയിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പലതരത്തിലുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാതെപോകുന്നത് സാമൂഹിക സാക്ഷരതയുടെ അഭാവം ഒന്നുകൊണ്ടു മാത്രമാണ്. ഇതിന്റെ മെച്ചം ഇടനിലക്കാര്‍ ഇന്നും തട്ടിയെടുക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
ആദിവാസികള്‍, ദളിതര്‍, നിത്യരോഗികള്‍,സ്ത്രീകള്‍, വൃദ്ധന്മാര്‍, അംഗവൈകല്യം സംഭവിച്ചവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട പലരും തങ്ങള്‍ക്ക് അനുകൂലമായി ആവിഷ്‌കരിച്ച പല പദ്ധതികളെക്കുറിച്ചും ഇന്നും ബോധവാന്മാരല്ല. സമൂഹം പാലിക്കേണ്ട മറ്റൊരു മേഖലയാണ് നിയമ സാക്ഷരത. ഏതെല്ലാം നിയമങ്ങള്‍ പാലിക്കേണ്ടതാണെന്നും ഏതെല്ലാം നിയമങ്ങളില്‍കൂടി തങ്ങള്‍ക്ക് നീതി ലഭ്യമാകുമെന്നും പൗരന്മാരെ ഭരണകൂടം ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും, ഭരണ രംഗങ്ങളിലും, നടമാടുന്ന അഴിമതിയുടെ നല്ലൊരു ഭാഗവും പൗരന്മാരുടെ അവകാശബോധ്യങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം ആണ് ഉണ്ടാകുന്നത്. കൈക്കൂലിയെന്നത് ജീവനക്കാര്‍ക്ക് അവകാശപ്പെട്ട ഒന്നാണെന്ന പൗരന്മാരുടെ തെറ്റായ ബോധ്യങ്ങളില്‍ നിന്നാണ് അഴിമതി വളരുന്നത്. കൈക്കൂലി നല്‍കി കാര്യം സാധിപ്പിച്ചെടുക്കുന്നത് വലിയ മിടുക്കായി കാണുന്നവരാണ് അഭ്യസ്തവിദ്യർ പോലും എന്നതാണ് നിലവിലുള്ള സ്ഥിതി. വെറും അക്ഷരമെഴുതി പഠിക്കലും പഠിപ്പിക്കലുമല്ല സാക്ഷരതാ പ്രവര്‍ത്തനം, എന്ന വിശ്വാസവും, ധാരണയും മാറുകയും, മാറ്റിയെടുക്കപെദനിയും ഇരിക്കുന്നു. എഴുത്തിനും വായനക്കും അപ്പുറം, ആവശ്യങ്ങളെയും അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള തിരിച്ചറിവാണ് സാക്ഷരതയിലൂടെ സമൂഹം സ്വായത്തമാക്കേണ്ടത്.
ഇന്നത്തെ സാക്ഷരതാ ദിനം ആ തിരിച്ചറിവ് നൽകട്ടെ.