ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം; വാക്കുകളേക്കാൾ ശക്തമാണ് ചിത്രങ്ങൾ
ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം. വാക്കുകളേക്കാൾ ശക്തമാണ് ചിത്രങ്ങൾ. ചിത്രത്തിലൂടെ വലിയ സന്ദേശങ്ങൾ കെെമാറാൻ കഴിയുമെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കാലത്തെ അതിജീവിച്ച്, ചിന്തകളെയും വികാരങ്ങളെയും സ്വാധീനിച്ച്, സമൂഹത്തെ സംഭാഷണങ്ങളിലേക്ക് നയിച്ച അനവധി ചിത്രങ്ങൾ ഇന്നും മനുഷ്യരുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്നു. ഒരു ഫ്രെയിമിനുള്ളിൽ ലോകത്തെ ഒതുക്കാനും, മുഹൂർത്തങ്ങളെ നിശ്ചലമാക്കി ഓർമ്മകളെ ജീവനോടെ നിലനിർത്താനും ഫോട്ടോഗ്രഫിക്കുള്ള കഴിവ് അതുല്യമാണ്.
ചില ചിത്രങ്ങൾ മുഹൂർത്തങ്ങളെ രേഖപ്പെടുത്തുന്നതിൽ മാത്രം നിന്നുപോകുന്നില്ല, അവ കാലഘട്ടങ്ങളെ തന്നെ നിർവചിക്കുന്നു. ഫോട്ടോഗ്രഫി കേവലം ചിത്രങ്ങൾ പകർത്തുന്ന കലാരൂപമല്ല, അത് ശക്തമായ ആശയവിനിമയ മാധ്യമവുമാണ്. യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, വിപ്ലവങ്ങൾ, നിർണായക ചരിത്രസംഭവങ്ങൾ — ലോകം പലപ്പോഴും ആദ്യമായി കണ്ടത് ചിത്രങ്ങളിലൂടെയാണ്.
സുഡാനിലെ ക്ഷാമത്തിന്റെ പ്രതീകമായ എല്ലരിച്ച കുഞ്ഞും പിന്നിൽ കാത്തുനിന്ന കഴുകനും, വിയറ്റ്നാം യുദ്ധത്തിന്റെ ക്രൂരത വെളിവാക്കിയ നാപാം പെൺകുട്ടിയും, ടിയാനൻമെൻ സ്ക്വയറിൽ ടാങ്കുകൾക്ക് മുന്നിൽ തറച്ചുനിന്ന ‘ടാങ്ക് മാൻ’ എന്ന ചൈനീസ് യുവാവും — ലോകത്തെ നടുക്കിയ നിരവധി ചിത്രങ്ങളിൽ ചിലത് മാത്രമാണ്.
ജീവൻ നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും, ക്യാമറ കൈവിടാതെ ചിത്രങ്ങൾ പകർത്തിയ ധീരരായ അനവധി ഫോട്ടോഗ്രാഫർമാർ ലോകത്തിന് ഇന്നും ശബ്ദമാകുന്നു. അവരുടെ ചിത്രങ്ങൾ യുദ്ധങ്ങളുടെ ഭീകരതക്കും, അഭയാർത്ഥികളുടെ വേദനക്കും, മനുഷ്യാവകാശങ്ങളുടെ ആവശ്യങ്ങൾക്കും കാലാതീതമായ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.
ഇന്ന്, ഫോട്ടോഗ്രഫി ഏറ്റവും വിപുലമായ സാധ്യതകളുള്ള കലാരൂപങ്ങളിൽ ഒന്നാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതിന്റെ സാന്നിധ്യം വ്യക്തമാണ്. എന്നാൽ, ഈ അത്ഭുതവിദ്യ ഒരൊറ്റ രാത്രികൊണ്ട് രൂപപ്പെട്ടതല്ല. പല കാലഘട്ടങ്ങളിലൂടെയും അനവധി പരീക്ഷണങ്ങളിലൂടെയും അത് മനുഷ്യർക്ക് സ്വായത്തമായതാണ്. നവോത്ഥാനത്തിനുശേഷമുള്ള വ്യാവസായിക വിപ്ലവത്തിന്റെ പ്രതിഫലനം തന്നെയായിരുന്നു ഫോട്ടോഗ്രഫിയുടെ ശാസ്ത്രീയ പുരോഗതി. ചൈനീസ് തത്ത്വചിന്തകനായ മോസുവിന്റെ പ്രകാശപഠനവും, ഗ്രീക്ക് ചിന്തകനായ അറിസ്റ്റോട്ടിലിന്റെ സൂര്യഗ്രഹണ നിരീക്ഷണവും പിന്നീട് വന്ന കണ്ടെത്തലുകൾക്ക് വഴിയൊരുക്കി.
എങ്കിലും, ലോകത്തിലെ ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് സൃഷ്ടിച്ചയാൾ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോസഫ് നീസ്ഫർ നീപ്സാണ്. അന്ന് ഫ്രാൻസിൽ ജനപ്രിയമായിരുന്ന ലിത്തോഗ്രഫി കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നീപ്സ് തന്റെ പരീക്ഷണങ്ങൾ തുടങ്ങിയത്. ചിത്രങ്ങൾ വരയ്ക്കാൻ കഴിയാത്തതിനാൽ, പ്രകാശസംവേദനക്ഷമമായ രാസപദാർഥങ്ങൾ കല്ലുകളിൽ പുരട്ടി ചിത്രങ്ങൾ പതിപ്പിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. അനവധി പരീക്ഷണങ്ങളുടെ ഫലമായിരുന്നു 1827-ലെ ആദ്യ ഫോട്ടോഗ്രാഫ്, അദ്ദേഹം തന്നെയാണ് അതിനെ ‘ഹീലിയോഗ്രാഫ്’ എന്ന് വിളിച്ചത്. ‘പോയിന്‍റ് ദെവോ ദെ ലാ ഫെനിത്രേ’ (ജാലകത്തിൽ നിന്നുള്ള ദൃശ്യങ്ങൾ) എന്നാണ് ആ ചിത്രത്തിന്റെ പേര്. എന്നാൽ, അത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിന് മുമ്പ് നീപ്സ് അന്തരിച്ചു.
നീപ്സിനൊപ്പം പ്രവർത്തിച്ചിരുന്ന ലൂയിസ് ദാഗൈർ, അദ്ദേഹത്തിന്റെ മരണശേഷം നീപ്സിന്റെ മകൻ ഇസിദോറിനോടൊപ്പം പരീക്ഷണങ്ങൾ തുടർന്നു. എന്നാൽ, നീപ്സിന്റെ നിർണായകമായ കണ്ടെത്തലുകൾ തന്റേതെന്ന പോലെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് ദാഗൈർ ആയിരുന്നു. 1839 ആഗസ്റ്റ് 19ന് ഫ്രഞ്ച് സർക്കാർ തന്നെ ‘ദാഗുറിയോടൈപ്പ്’ പ്രഖ്യാപിച്ചതോടെ, ചരിത്രം ദാഗൈറിന്റെ പേരിലായി. ആ കാലത്ത് ഫോട്ടോഗ്രഫിയുടെ ചരിത്രം രേഖപ്പെടുത്തിയ ലേഡി എലിസബത്ത് ഈസ്റ്റ്ലേക്ക്, ഈ പ്രഖ്യാപനത്തെ “ഷിക്കെയ്നറി” (വഞ്ചന, കുടിലതന്ത്രം) എന്നായിരുന്നു വിശേഷിപ്പിച്ചത്.
വ്യത്യാസകരമായി, ഇന്ന് ലോകമെമ്പാടുമുള്ളവർ ആഗസ്റ്റ് 19-നെ ലോക ഫോട്ടോഗ്രഫി ദിനമായി ആഘോഷിക്കുന്നു. എന്നാൽ, ഫോട്ടോഗ്രഫിക്ക് വേണ്ടി തന്റെ ജീവിതം ഹോമിച്ചും ലോകത്തിന്റെ ആദ്യ വിജയകരമായ ചിത്രം പകർത്തിയും ചരിത്രം സൃഷ്ടിച്ച നീപ്സിനെ ആ ദിനം മറന്നുപോയി.
Tag: Today is World Photography Day; Pictures are more powerful than words