ലോകത്തെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ഇന്ന് 24 വർഷം
ലോകത്തെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ഇന്ന് 24 വർഷം. അമേരിക്കൻ ഐക്യനാടുകളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കു അൽഖ്വയ്ദ ഭീകരർ നടത്തിയ ചാവേർ ആക്രമം ലോകചരിത്രത്തിൽ തന്നെ അപൂർവമായിരുന്നു.
2001 സെപ്റ്റംബർ 11-ന് രാവിലെ 8.30ഓടെ, ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്കു ഭീകരർ യാത്രാവിമാനങ്ങൾ ഇടിച്ചു കയറ്റി. മണിക്കൂറുകൾക്കകം ഇരുകെട്ടിടങ്ങളും നിലംപൊത്തി. 19 അൽഖ്വയ്ദ ഭീകരർ നാല് അമേരിക്കൻ വിമാനങ്ങൾ പിടിച്ചടക്കി സംഘങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം നടത്തിയത്. തുടർന്നു അമേരിക്കൻ പ്രതിരോധ ആസ്ഥാനം പെന്റഗണിലേക്കും മറ്റൊരു വിമാനം ഇടിച്ചു വീണു.
നാലാമത്തെ വിമാനം വൈറ്റ് ഹൗസിനെയാണ് ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, യാത്രക്കാരുടെ പ്രതിരോധത്തെ തുടർന്ന് അത് പെൻസിൽവാനിയയിലെ ഒരു പാടശേഖരത്തിൽ തകർന്നു വീണു. 77 രാജ്യങ്ങളിൽ നിന്നുള്ള 2,977 പേരാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഭീകരാക്രമണമായിരുന്നു അത്. അൽഖ്വയ്ദ നേതാവ് ഖാലിദ് ഷെയ്ഖ് മുഹമ്മദാണ് പദ്ധതി ഒസാമ ബിൻ ലാദനുമായി ചേർന്ന് നടപ്പിലാക്കിയത്.
1998-ൽ ബിൻ ലാദൻ പദ്ധതിക്ക് അനുമതി നൽകി. ആക്രമണത്തിന് പിന്നാലെ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലെത്തി. 2001 ഡിസംബറോടെ താലിബാൻ ഭരണകൂടം തകർന്നു. പത്ത് വർഷങ്ങൾക്കുശേഷം, ആക്രമണത്തിന് പിന്നിലെ മുഖ്യചിന്തകനായിരുന്ന ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചു. എന്നാൽ, നാറ്റോ സേന ഒരു ദശാബ്ദം നിലനിന്നു ശേഷം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ അധികാരത്തിലെത്തി.
Tag: Today marks 24 years since the terrorist attack on the World Trade Center america that shook the world