ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്
ഇന്ന് സെപ്റ്റംബര്‍ 11. 20 വര്‍ഷം മുന്‍പ് ലോകപോലീസ് ചമഞ്ഞ അമേരിക്കയുടെ നെഞ്ചില്‍ കൊണ്ട ഭീകരാക്രമണം നടത്തി അധികമാരും ശ്രദ്ധകൊടുക്കാത്ത അല്‍-ഖ്വയിദ എന്ന അഫ്ഗാന്‍ ഭീകര സംഘടന ലോകത്തെ ആകമാനം നടുക്കിയ ദിവസം. അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായ പെന്റഗണും വേള്‍ഡ് ട്രേഡ് സെന്ററും പെന്‍സില്‍വാനിയയിലും ഒസാമ ബിന്‍ലാദന്‍ എന്ന ഭീകരന്‍ ആസൂത്രണം ചെയ്ത താണ്ഡവം കവര്‍ന്നെടുത്തത് 2996 പേരുടെ ജീവനാണ്.
ചരിത്രത്തിന്റെ ഡയറിത്താളില്‍ രക്തംകൊണ്ടെഴുതിയ ദിവസം. മറ്റേതൊരു ദിവസവും പോലെയായിരുന്നു 20 വര്‍ഷം മുമ്പുള്ള സെപ്റ്റംബര്‍ 11 ലെ ആ പ്രഭാതവും. രാവിലെ 8.45 വരെ. പക്ഷേ പിന്നീടുള്ള ഒന്നര മണിക്കൂര്‍, റാഞ്ചിയെടുത്ത നാലുവിമാനങ്ങള്‍ അല്‍ഖ്വയ്ദ ഭീകരര്‍ അമേരിക്കയുടെ ഹൃദയത്തിലേക്ക് ഇടിച്ചിറക്കി. മാന്‍ഹട്ടനിലെ രണ്ട് ആകാശ ഗോപുരങ്ങള്‍ കോണ്‍ക്രീറ്റ് കൂമ്പാരത്തില്‍ പൊതിഞ്ഞ ശവപ്പറമ്പായി.
പെരുമ കേട്ട അമേരിക്കന്‍ പ്രതിരോധ ആസ്ഥാനം, പെന്റഗണ്‍ പാതിയടര്‍ന്നു. 90 രാജ്യങ്ങളില്‍ നിന്നായി 2,996 ജീവനുകള്‍. പരുക്കേറ്റ പതിനായിരങ്ങള്‍, ഭീകരാക്രമണത്തിന്റെ കെടുതി ഈ കണക്കുകളില്‍ ഒതുങ്ങുന്നില്ല. മരിച്ചവരേക്കാള്‍ കൂടുതല്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്. 110 നിലകളുണ്ടായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നുവീണപ്പോള്‍ അതില്‍നിന്നുള്ള പൊടിയും മാലിന്യവും ശ്വസിച്ച് അസുഖബാധിതരായവര്‍ ഏറെ. 2018ലെ കണക്കനുസരിച്ച് ആ ഭീകരാക്രമണത്തിന്റെ ഭാഗമായി കാന്‍സര്‍ ബാധിതരായത് 10,000 ത്തിലധികം പേരാണ്.
പലരും പിന്നീട് മരണത്തിന് കീഴടങ്ങി. അമേരിക്കയുടെ അതീവസുരക്ഷാ മേഖല തങ്ങള്‍ക്കൊന്നുമല്ലെന്ന് പ്രഖ്യാപിച്ചാണ് ബിന്‍ ലാദനും സംഘവും ഭീകരാക്രമണം നടത്തിയത്. രഹസ്യമായി അമേരിക്ക വളര്‍ത്തി എന്ന് പരക്കെ പ്രചരിക്കുന്ന ഒസാമ ബിന്‍ ലാദന്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ലോകവ്യാപാര ഭൂപടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ന്യൂയോര്‍ക്കിലെ ഇരട്ട ഗോപുരത്തില്‍ വിമാനം ഇടിച്ചിറക്കി ആയിരുന്നു.
അഫ്ഗാനിസ്ഥാനെ താലിബാന്‍ ഭീകരര്‍ക്ക് വിട്ടുകൊടുത്ത് അമേരിക്ക പടിയിറങ്ങുന്നതും ഇരുപതാമാണ്ടിലാണ് എന്നത് യാദൃശ്ചികം മാത്രമാവാം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഒസാമ ബിന്‍ ലാദന്‍ അമേരിക്കക്കുമേല്‍ നടത്തുന്ന ആദ്യ ആക്രമണമായിരുന്നില്ല. 1992 യമനില്‍ യുഎസ് സൈനികര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ആക്രമണം നടത്തിയതും 1995 സൗദിഅറേബ്യയിലെ യുഎസ് സൈനിക പരിശീലന ക്യാമ്പില്‍ നടത്തിയ കാര്‍ബോംബ് സ്ഫോടനവുമെല്ലാം അല്‍ഖ്വയ്ദ അമേരിക്കയ്ക്ക് നേരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ ആയിരുന്നു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെ കുപ്രസിദ്ധി ആര്‍ജ്ജിച്ചത് ബിന്‍ലാദന്‍ ആണെങ്കിലും ആക്രമണത്തിന്റെ യഥാര്‍ഥ ശിരസ് എന്ന് അമേരിക്ക പോലും വിലയിരുത്തിയിരുന്നത് ഖാലിദ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003ല്‍ അമേരിക്ക ഇയാളെ പിടികൂടി. ബിന്‍ലാദന്റെ തീവ്ര നിലപാടുകളില്‍ ആകൃഷ്ടനായ മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരന്‍ ആയിരുന്നു ലോകത്തെ ഞെട്ടിച്ച ആക്രമണത്തിന്റെ കോക്ക്പ്പിറ്റിനെ നിയന്ത്രിച്ചിരുന്നത്. ആക്രമണം നടന്ന സെപ്റ്റംബര്‍ 11ന് രാത്രി തന്നെ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ സൈനിക നടപടിയിലൂടെ അമേരിക്ക പുറത്താക്കി. അമേരിക്കന്‍ ആക്രമണത്തില്‍ ശക്തി ക്ഷയിച്ച അല്‍-ഖ്വയ്ദയും നേതാവ് ഒസാമ ബിന്‍ ലാദനും പാക്കിസ്ഥാനില്‍ സുരക്ഷിത താവളം കണ്ടെത്തിയിരുന്നു. പത്തു വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പാകിസ്ഥാനിലെ അബട്ടാബാദില്‍ ഒസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിയുന്നതായി അമേരിക്കന്‍ സേന കണ്ടെത്തിയത്.
2011 മെയ് രണ്ടിന് അബട്ടാബാദിലെ ഒളി സങ്കേതത്തില്‍ എത്തി അമേരിക്കന്‍ സൈനികര്‍ രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സാക്ഷാല്‍ ബിന്‍ ലാദനെ കൊലപ്പെടുത്തി പിന്നീട് മൃതദേഹം കടലില്‍ ഒഴുക്കി. അബാട്ടാബാദില്‍ ബിന്‍ലാദനെ കണ്ടെത്തുന്നതുവരെ പാക്കിസ്ഥാനുമായി അനതിസാധാരണമായ സൗഹൃദം പുലര്‍ത്തിയിരുന്ന അമേരിക്കയ്ക്ക് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായി.
അതുവരെ ഭീകരവാദികളെ സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ വെറും ഭ്രാന്തമായ ജല്‍പനങ്ങളായാണ് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും കണ്ടുപോന്നത്. അതില്‍ മാറ്റം വന്നു എന്നുമാത്രമല്ല ഇന്ത്യയെയും ഇന്ത്യന്‍ വാദങ്ങളെയും ആത്യന്തികമായി ലോകം ഇന്ന് അംഗീകരിക്കുകയാണ്. അതിനായി ലോകം ബലികൊടുത്തത് ആയിരങ്ങളുടെ ജീവനാണെന്നു മാത്രം. ഇന്നും അമേരിക്കന്‍ ജനത ആ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല.