സ്വാതന്ത്ര്യദിനത്തില്‍ ഇന്‍ഡ്യയുടെ ഒളിംപിക്സ് സംഘത്തെ പ്രത്യേക അതിഥികളായി പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് ക്ഷണിക്കും
സ്വാതന്ത്ര്യദിനത്തില്‍ ഇന്‍ഡ്യയുടെ ഒളിംപിക്സ് സംഘത്തെ പ്രത്യേക അതിഥികളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലേക്ക് ക്ഷണിക്കും. ചെങ്കോട്ടയിലെ പരിപാടിക്ക് പുറമേ ഇന്‍ഡ്യന്‍ സംഘത്തെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയിലേക്കും ക്ഷണിക്കും. ഇക്കാര്യം അറിയിക്കാന്‍ പ്രധാനമന്ത്രി എല്ലാവരേയും വ്യക്തിപരമായി കാണുമെന്നും സംസാരിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട് ചെയ്തു.
നേരത്തെ, ടോക്യോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്‍ഡ്യന്‍ താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. ഇന്‍ഡ്യയില്‍ നിന്ന് ഏറ്റവും അധികം പേര് ഒളിംപിക്സിന് യോഗ്യതനേടിയ കാര്യം മറ്റൊരു പരിപാടിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തത്തിനെതിരേ പോരാടുന്നതിനിടയിലാണ് ഈ നേട്ടമെന്നത് മറക്കരുത്. പല ഇനങ്ങളിലും രാജ്യം ആദ്യമായാണ് യോഗ്യത നേടുന്നത്. യോഗ്യത നേടുക മാത്രമല്ല, മികച്ച മത്സരം കാഴ്ചവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായിക താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് ഒളിംപിക്സ് ഹോകി സെമി ഫൈനലില്‍ പുരുഷന്മാര് ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്നും നമ്മുടെ പുരുഷ ഹോകി ടീം ടോക്യോയില്‍ അവരുടെ ഏറ്റവും മികച്ചത് നല്‍കിയെന്നും അതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.