ഒളിമ്പിക്‌സിന് ആലിംഗനം വേണ്ട, പകരം ഒന്നര ലക്ഷത്തോളം കോണ്ടം തരും; മാര്‍ഗ നിര്‍ദേശങ്ങളിങ്ങനെ

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദ്ദേശം. ആലിംഗനങ്ങളും ഹസ്തദാനവും പാടില്ല, ശാരീരിക സമ്പര്‍ക്കങ്ങള്‍ കര്‍ശനമായും ഒഴിവാക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. 33 പേജുളള നിയമ പുസ്തമാണ് കായിക താരങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. നിയമങ്ങള്‍ തെറ്റിച്ചാല്‍ മത്സര ഇനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമുണ്ട്. ഒളിമ്പിക്സ് വില്ലേജില്‍ കഴിയുന്ന കായിക താരങ്ങളെ നാല് ദിവസം കൂടുമ്പോള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
ഒന്നര ലക്ഷം കോണ്ടം കായിക താരങ്ങള്‍ക്കായി നല്‍കാന്‍ ആലോചിക്കുന്നതായി ടോക്കിയോ ഒളിമ്പിക്സ് അധികൃതര്‍ പറയുന്നു. കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ശാരീരിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്ന് പറയുമ്പോള്‍ തന്നെയാണ് കോണ്ടം നല്‍കാനുളള സംഘാടകരുടെ ഈ തീരുമാനവും. ജപ്പാനിലേക്ക് എത്തുന്നതിന് 72 മണിക്കൂറുകള്‍ക്കുളളില്‍ കൊവിഡ് പരിശോധന നടത്തിയതിന്റെ ഫലം വേണം. ജപ്പാനില്‍ എത്തിയ ഉടനേയും കൊവിഡ് പരിശോധന നടത്തണം. കളിക്കാര്‍ക്ക് നിരീക്ഷണത്തില്‍ ഇരിക്കേണ്ടതില്ല.
മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്ബ് ട്രെയിനിംഗ് ക്യാമ്ബുകളില്‍ താരങ്ങള്‍ക്ക് പങ്കെടുക്കാം. എന്നാല്‍ മത്സര വേദിക്ക് പുറത്തുളള ജിം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലേക്ക് പോവുന്നതിന് വിലക്കുണ്ട്. ഏപ്രിലിലും, ജൂലായിലും ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കും. ജൂലായ് 23നാണ് ഒളിമ്ബിക്സ് ആരംഭിക്കുന്നത്. 2020ലാണ് ടോക്കിയോ ഒളിമ്ബിക്സ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2021ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.