keralaKerala NewsLatest News

തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് വിലക്ക് തുടരും

തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് വിലക്ക് തുടരും. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഇപ്പോഴും പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കാമോ എന്നതിൽ വെള്ളിയാഴ്ച വിധി പ്രസ്താവിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കളക്ടർ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്ന നിർദേശവും കോടതി നൽകി.

അമ്പലൂർ, മുരുങ്ങൂർ മേഖലകളിൽ ഇപ്പോഴും ഗതാഗത തടസ്സം നിലനില്ക്കുന്നതായാണ് ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തത്. 60 കിലോമീറ്റർ ദൂരമുള്ള ടോൾപാതയിൽ മൂന്നു മുതൽ നാലു സ്ഥലങ്ങളിലാണ് പ്രശ്നമെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, “അവയെല്ലാം എവിടെയാണെന്ന്” കോടതി ചോദിച്ചതിന് കളക്ടർ “അഞ്ചു കിലോമീറ്റർ ദൂരത്തിനുള്ളിൽ” പ്രശ്നം ഉണ്ടെന്ന് മറുപടി നൽകി. ഇതിനെത്തുടർന്ന്, സ്ഥിതി നേരിൽ പരിശോധിക്കാൻ ഇന്ന് തന്നെ കളക്ടർ സ്ഥലസന്ദർശനം നടത്തണമെന്ന് കോടതി നിർദേശിച്ചു.

ദേശീയപാതാ നിർമ്മാണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ടോൾ നിരക്ക് കുറയ്ക്കുന്നതിനുള്ള അധികാരം ദേശീയപാത അതോറിറ്റിക്കാണെന്നും, അതിനാൽ സംസ്ഥാനത്തിന് അതിൽ തീരുമാനമെടുക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ടോൾ പിരിവ് അനുവദിക്കണമെന്നും, ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു.

സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോൾ പിരിവ് ആരംഭിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതി ഈ സന്ദർഭത്തിൽ ചൂണ്ടിക്കാട്ടി.

Tag: Toll collection ban to continue at Paliyekkara Toll Plaza in Thrissur

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button