Kerala NewsLatest NewsLocal NewsNews

നാളെ പഞ്ചസാര ഹര്‍ത്താല്‍

കണ്ണൂര്‍: എന്തിനും ഏതിനും ഹര്‍ത്താല്‍ ആചരിക്കുന്ന കേരളത്തില്‍ നാളെ വിചിത്രമായൊരു ഹര്‍ത്താല്‍. കേരള ചരിത്രത്തില്‍ ആദ്യമായി പഞ്ചസാര ഹര്‍ത്താലിനൊരുങ്ങുകയാണ് കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്ത്. ലോക പ്രമേഹ ദിനമായ നംവബര്‍ പതിനാലിനാണ് വ്യത്യസ്ഥമായ ഹര്‍ത്താലുമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്. പ്രമേഹ രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് അധികൃതര്‍ വ്യത്യസ്തമായ സമരമുറ പരീക്ഷിക്കാനൊരുങ്ങുന്നത്.

ഹര്‍ത്താലിന്റെ ഭാഗമായി എല്ലാ വീടുകളിലും പഞ്ചസാര ബഹിഷ്‌കരിക്കും. ഹോട്ടലുകളില്‍ മധുരമില്ലാത്ത ചായ മാത്രം നല്‍കും. കടകളില്‍ പഞ്ചസാര വില്‍ക്കുന്നതിനും വിലക്കുണ്ട്. പ്രമേഹരോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ കടകളിലും ഇതു സംബന്ധിച്ച ബാനറുകളും നോട്ടീസും പതിപ്പിച്ചു. പ്രമേഹരോഗത്തിന്റെ പ്രതിരോധത്തിന് വേണ്ടി ഒരു പഞ്ചായത്തിലെ മുഴുവന്‍ ആളുകളും പങ്കാളികളാകുന്നത് ചരിത്ര സംഭവമാകുമെന്ന് പരിപാടിക്ക് നേതൃത്വം നല്‍കുന്ന കണിച്ചാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.ജെ. അഗസ്റ്റിന്‍ പറഞ്ഞു.

ഇന്ത്യയില്‍ ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. വിഷയവുമായി ബന്ധപ്പെട്ട് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള അച്ച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് നേരത്തെ പഠനം നടത്തിയിരുന്നു. ഇതിന് മുമ്പും പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്‍ പ്രകാരം സ്ത്രീകളില്‍ 19 ശതമാനവും പുരുഷന്‍മാരില്‍ 27 ശതമാനവും പ്രമേഹരോഗം കാണപ്പെടുന്നു എന്നും കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button