യൂട്യൂബറെ കാണാൻ ജനത്തിരക്കും ബഹളവും; കൊറോണ മാനദണ്ഡം ലംഘിച്ചതിന് 20 പേർക്കെതിരെ കേസ്
മലപ്പുറം: കൊറോണ മാനദണ്ഡം ലംഘിച്ച് യൂട്യൂബറെ കാണാൻ തടിച്ചുകൂടിയ 20 പേർക്കെതിരെ
പൊന്നാനി പൊലീസ് കേസ് എടുത്തു. പുതിയിരുത്തിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാട ചടങ്ങിൽ കൊറോണ മാനദണ്ഡം ലംഘിച്ചതിനാണ് പൊലീസ് കേസ് എടുത്തത്. ഉദ്ഘാടനച്ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ ഹൈവെ എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 പേരെ അറസ്റ്റ് ചെയ്തു. യൂട്യൂബർ ഷാക്കിറിനെ കാണാനാണ് നൂറ് കണക്കിന് ആളുകൾ തടിച്ച് കൂടിയത്. യുവാക്കൾ ബൈക്ക് റാലിയുമായി എത്തിയോടെ പുതുപൊന്നാനി-ചാവക്കാട് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഇതോടെ ദേശീയപാതയോരം ആളുകളെക്കൊണ്ട് നിറഞ്ഞു. ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു.വെളിയങ്കോട് മുതൽ പാലപ്പെട്ടി വരെ ദേശീയപാത സ്തംഭിച്ചു.
ഹൈവെ പൊലീസെത്തി യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘമെത്തി ആൾക്കൂട്ടത്തെ വിരട്ടിയോടിച്ചെങ്കിലും യൂട്യൂബറുടെ ഒപ്പം എത്തിയവർ പിന്തിരിഞ്ഞില്ല. ഇതിനിടെ പൊലീസിന് നേരെ യുവാക്കൾ കല്ലെറിഞ്ഞു. കല്ലേറിൽ ഒരു പൊലീസുകാരന്റെ വിരൽ ഒടിഞ്ഞു.
മണിക്കൂറുകൾക്ക് ശേഷമാണ് രംഗം ശാന്തമായത്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 പേരെ കേസിൽ അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു.