ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി
കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചതിനാലാണ് നടപടി. ഇന്നലെ ലോറിയിൽ നിന്ന് വീണ കാരറ്റ് തിന്നുകൊണ്ടിരുന്ന കാട്ടാനയുടെ സമീപത്ത് റീൽസ് എടുക്കാൻ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി നടന്ന് ചെന്നു.
അപ്പോൾ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാൻ ശ്രമിക്കുകയും, തലനാരിഴയ്ക്ക് ഇയാൾ രക്ഷപ്പെടുകയും ചെയ്തു. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വനംവകുപ്പ് അന്വേഷണം നടത്തി സഞ്ചാരിയെ കണ്ടെത്തി.
തന്റെ തെറ്റ് അംഗീകരിച്ച് ക്ഷമാപണം ചെയ്യുന്ന വീഡിയോ വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളിൽ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങാതിരിക്കുകയും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുകയും ചെയ്യണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്ക് ശക്തമായ നടപടി തുടരുമെന്നും, ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കണമെന്ന് വനംവകുപ്പ് അഭ്യർത്ഥിച്ചു.
Tag: Tourist fined Rs 25,000 for trying to take selfie with wild elephant in Bandipur Tiger Reserve