ടി.പി. ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ മദ്യപാനവുമായി ബന്ധപ്പെട്ട് പൊലീസ് ശക്തമായ നടപടികളിലേക്ക്
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ മദ്യപാനവുമായി ബന്ധപ്പെട്ട് പൊലീസ് ശക്തമായ നടപടികളിലേക്ക്. പ്രതികൾക്ക് എസ്കോർട്ടിനായി സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാനും, കോടതി പരിസരത്തും യാത്രയ്ക്കിടയിലും കൂടുതൽ നിരീക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചു. പ്രതികൾക്ക് വിലങ്ങ് നിർബന്ധമാക്കുന്നതിനും പൊലീസ് തയ്യാറെടുക്കുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട് കേസെടുക്കാൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മുൻപ് കൊടി സുനിയും സംഘവും കോടതി പരിസരത്ത് മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. തലശ്ശേരിയിലെ ഒരു ഹോട്ടലിന്റെ മുറ്റത്ത് പൊലീസ് കാവൽ നിലനിർത്തിക്കൊണ്ടിരിക്കെ പ്രതികൾ പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോടതിയിൽ നിന്നു മടങ്ങുമ്പോഴാണ് സുഹൃത്തുക്കൾ പ്രതികൾക്ക് മദ്യവുമായി എത്തിയത്.
സംഘത്തിൽ ടി.പി. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. പ്രതികൾക്ക് അകമ്പടി പോയ എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ, മദ്യപാന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Tag: TP Chandrasekharan murder case; Police to take strong action regarding the accused’s drinking alcohol