Kerala NewsLatest NewsLocal NewsNews

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം;15 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. 15 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തില്‍ വ്യാപാരികളും പൊലീസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് വ്യാപാരികള്‍ കട തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് ഇടപ്പെട്ട് കട അടപ്പിക്കുകയായിരുന്നു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയെ സി കാറ്റഗറിയിലായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി ഉള്ളു.പ്രതിഷേധത്തെ തുടര്‍ന്ന് വ്യാപാരികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോഴിക്കോട് നഗരത്തിലാണ്. അതിനാല്‍ വിഷയം പഠിച്ച ശേഷം ആവിശ്യാനുസരണം നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരണവുമായി വന്നിരുന്നു. ഇന്നത്തെ സാഹചര്യം മനസ്സിലാക്കിയാവണം സമരങ്ങള്‍ നടത്തേണ്ടത്. സംഘര്‍ഷമല്ല സമവായമാണ് വേണ്ടതെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സമരക്കാരുടേത് പ്രകോപനപരമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്നും വ്യാപാരികള്‍ക്ക് യാതൊരു പരിഗണനയും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും എം.കെ മുനീര്‍ എം.എല്‍.എ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button