താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഇന്ന് മുതല്‍ ഒരു മാസത്തേക്ക് നിയന്ത്രണം

താമരശ്ശേരി : ഇന്ന് മുതല്‍ വയനാട് ചുരം വഴിയുള്ള യാത്രകള്‍ക്ക് ഒരു മാസത്തേക്ക് നിയന്ത്രണം. വയനാട്ടിലേക്ക് താമരശേരി ചുരം വഴി യാത്ര ചെയ്യുന്നവര്‍ ഒരു മാസത്തേക്ക് യാത്രകള്‍ ക്രമീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷന്റെ അഭ്യര്‍ത്ഥന. താമരശേരി ചുരം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് നവീകരണ പ്രവര്‍ത്തികള്‍ക്കായി അടച്ചിടുന്നത്.
ചുരത്തിലെ എട്ടാം വളവിനും ഒന്‍പതാം വളവിനും റോ വളരെ കുറവുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മ്മാണവും 12 കിലോ മീറ്റര്‍ ദൂരത്തില്‍ ടാറിങുമാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ലക്കിടി വരെ ചെയിന്‍ സര്‍വീസുകള്‍ മാത്രമേ പകല്‍ സമയങ്ങളില്‍ ഉണ്ടായിരിക്കുകയുള്ളൂ. ലക്കിടിയില്‍ നിന്നും അടിവാരം വരെ കെ എസ് ആര് ടി സി യുടെ മിനി ബസ് ചെയ്ന്‍ സര്‍വിസുകള്‍ ഉണ്ടാകുന്നതാണ്. അടിവാരത്തു നിന്നും കോഴിക്കോട് ഭാഗത്തേക്കും ചെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍നിന്ന് നാടുകാണി ചുരംവഴിയും പോകണം.