ദുരന്തങ്ങൾ ഒന്നായെത്തി കേരളത്തെ ദുഃഖത്തിലാഴ്ത്തിയ വെള്ളി,

ഓഗസ്റ്റ് 7, കേരളത്തിനെ ദുഃഖത്തിലാഴ്ത്തിയ വെള്ളിയാഴ്ചയായിരുന്നു. കോവിഡ് ദുരന്തത്തിനിടെ, രാജമല ഉരുൾപൊട്ടൽ നൽകിയ ഞെട്ടലിൽ കേരളക്കര വിറങ്ങലിച്ചു നിൽക്കുമ്പോൾ, ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ട 17 മൃതശരീരങ്ങൾ മാത്രം പുറത്തെടുക്കാൻ കഴിഞ്ഞതിന്റെ വേദനയിൽ, 49 പേർ മണ്ണിനടിയിൽ കിടക്കുമ്പോഴാണ് മറ്റൊരു വേദനിപ്പിക്കുന്ന ദുരന്തമായി വിമാന അപകടം കൂടി മലയാളക്കരയിലെത്തിയത്.
കോവിഡ് വിതക്കുന്ന ഭീതിക്കിടെ, രണ്ടു ദുരന്തങ്ങൾ കൂടി കൂട്ടായെത്തി കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു. വേദനിപ്പിക്കുകയായിരുന്നു.
പൈലറ്റും സഹപൈലറ്റും,യാത്രക്കാരും ഉൾപ്പടെ 20 പേർക്കാണ് നാടിനെ നടുക്കിയ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായത്. പരിക്കേറ്റ 14 പേരുടെ നിലഗുരുതരമാണെന്ന വിവരങ്ങളാണ് ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. പരിക്കേറ്റ 123 പേരെയാണ്, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ബേബി മെമ്മോറിയൽ, കോഴിക്കോട് മിംസ്, കോഴിക്കോട് മെയ്ത്ര, കൊണ്ടോട്ടി ക്രസൻറ് ആശുപത്രി, റിലീഫ് ആശുപത്രി, മലപ്പുറം എം.ബി.എച്ച്, കോട്ടക്കൽ അൽമാസ് തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്.

ജീവനക്കാരും യാത്രക്കാരുമായി 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 10 കുട്ടികളടക്കം 184 പേരാണ് യാത്രക്കാർ. ആറു പേർ വിമാനജീവനക്കാരായിരുന്നു.174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമായി ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരിൽ വൈകുന്നേരം എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽ പെടുന്നത്. ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് കുത്തനെ പതിച്ചായിരുന്നു അപകടം. കനത്ത മഴ പെയ്യുമ്പോൾ ഉയരത്തിലുള്ള റൺ വെയിൽ നിന്ന് വഴിമാറി വിമാനം മതിലിൽ ഇടിച്ച് രണ്ടായി പിളർന്ന് പോവുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്.

തിരൂർ സ്വദേശി, സഹീർ സയ്യിദ് 38, പാലക്കാട് സ്വദേശി, മുഹമ്മദ് റിയാസ്, 23, തിരിച്ചറിഞ്ഞിട്ടില്ലാത്ത 45 വയസ്സുള്ള സ്ത്രീ, 55 വയസ്സുള്ള സ്ത്രീ, ഒന്നരവയസ്സുളള കുഞ്ഞ് എന്നിവരുടെ മൃതുദേഹങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ളത്. പിലാശ്ശേരി സ്വദേശി, ഷറഫുദ്ദീൻ, 35, ബാലുശ്ശേരി സ്വദേശി, രാജീവൻ, 61,എന്നിവരുടെ മൃതുദേഹങ്ങൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും,
പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഥേ,സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ്,ദീപക്, അഖിലേഷ്, ഐമ എന്ന കുട്ടി എന്നിവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും, തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാളുടെ മൃതദേഹം ഫറോക്ക് ക്രസന്‍റ് ആശുപത്രിയിലുമാണ് ഉള്ളത്.

വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി -കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളരുന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമായത്. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നോട്ടു നീങ്ങുന്നതിനിടെ തെന്നിനീങ്ങുമ്പോൾ വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി നിലം പതിക്കുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ അപകടത്തിന്റെ ആക്കം കൂട്ടി. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടു ഭാഗങ്ങളായി പിളർന്നത്.
അപകടത്തിൽപ്പെട്ട് മരിച്ച ക്യാപ്ടൻ ദീപക് സാഥെ 30 വർഷത്തെ പ്രവർത്തന പരിചയമുള്ള പൈലറ്റ്. വ്യോമസേനയിൽ 12 വർഷത്തെ സർവീസിനു ശേഷം ജോലി രാജിവച്ചാണ് സാഥെ യാത്രാ വിമാനങ്ങൾ പറത്താനെത്തിയത്. മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 1980ൽ പുറത്തറങ്ങിയ സാഥെ വ്യോമസേനയിൽ എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റായിരുന്നു. എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഹോണര്‍ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തേ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. ബോയിങ് 737 വിമാനങ്ങൾ വരെ പറത്തി പരിചയമുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത്. കുടുംബ സമേതം മുംബെയിലായിരുന്നു താമസം.

വിമാനത്തിൽ ഉണ്ടായിരുന്നവരെ എല്ലാം രാത്രി ഒരു മണിയോടെയാണ് പുറത്തെടുത്ത് രക്ഷദൗത്യം പൂർത്തിയാക്കുന്നത്. അതേസമയം, അപകടത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളം പൂർണമായി അടച്ചു. കോഴിക്കോടേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കും. കോഴിക്കോടേക്ക് എത്തേണ്ട ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനം കണ്ണൂരിൽ ഇറങ്ങും. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിൽ ആകും വരെ കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ ഇറക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. ഞെട്ടിക്കുന്ന അപകടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനാപകടം സംബന്ധിച്ച കാര്യങ്ങള്‍ ടെലിഫോണില്‍ സംസാരിച്ച് ക്രമീകരങ്ങൾചെയ്യാൻ നിർദേശിച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും സംഭവത്തെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ് അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്റെ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോഴിക്കോട് ഉണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് താനെന്നും പരുക്കേറ്റവർ വേഗം സുഖംപ്രാപിക്കാൻ പ്രാർഥിക്കുന്നതായും ആണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.