ട്രെയിനില്‍ സ്ത്രീക്കുനേരെ പീഡനശ്രമം
കോഴിക്കോട്: ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം. എറണാകുളം-കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനില്‍ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. നാല്‍പ്പതിമ്മൂന്നു വയസ്സുകാരിയായ ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണമുണ്ടായപ്പോള്‍ യുവതി അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.
എറണാകുളത്ത് ഹോം നഴ്‌സായി ജോലിചെയ്യുന്ന ഇവര്‍ കോഴിക്കോട്ടെ വീട്ടിലേക്ക് വരുകയായിരുന്നു. ട്രെയിനിലെ അവസാന കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാന്‍ ശ്രമിച്ചത്. മറ്റൊരു കുടുംബവും ഇതേ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നു. യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് കുടുംബം ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു.
തൃശ്ശൂരില്‍ നിന്ന് കയറിയപ്പോള്‍ മുതല്‍ പ്രതി ശല്യപ്പെടുത്താന്‍ തുടങ്ങിയതായിരുന്നു എന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു. തിരൂര്‍ വിട്ടശേഷം അക്രമം ഭയന്ന് സ്ത്രീ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. കോഴിക്കോട് റെയില്‍വേ പോലീസ് അന്വേഷണമാരംഭിച്ചു. പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.