കളി കാര്യമായി, ചുവപ്പു തുണി വീശി ട്രയിന്‍ നിര്‍ത്തിച്ച് കുട്ടികള്‍
തിരൂര്‍: കുളിക്കാനെത്തിയ കുട്ടികള്‍ ട്രയിന്‍ കണ്ടപ്പോള്‍ ചുവപ്പു തുണി വീശി ട്രെയിന്‍ നിര്‍ത്തിച്ചു. തിരൂര്‍: കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളുടെ താമശ കാര്യമായി. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികളാണ് ഈ ‘പണിയൊപ്പിച്ചത്. കോയമ്പത്തൂര്‍ മംഗലാപുരം എക്സ്പ്രസിന് നേരെയാണ് കുട്ടികള്‍ ചുവപ്പു തുണി വീശിയത്.
സംഭവത്തെ തുടര്‍ന്ന് ആര്‍ പി എഫ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളെയും കസ്റ്റഡിയിലെടുത്തു. കോയമ്പുത്തൂര്‍ മംഗലാപുരം എക്സപ്രസ് കടന്നു പോകുമ്പോള്‍ തിരൂര്‍ വിട്ടയുടന്‍ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ കുളക്കടവിലെ ചുവപ്പ് മുണ്ട് വീശുകയായിരുന്നു. അപകട സാധ്യത സംശയിച്ച ലോക്കോ പൈലറ്റ് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി. ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.
അഞ്ചു മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷമാണ് യാത്ര തുടര്‍ന്നത്. വിവരം സ്റ്റേഷന്‍ മാസ്റ്ററേയും റെയില്‍വേ പൊലീസിനെയും അറിയിച്ചു. റെയില്‍വേ സുരക്ഷാ സേന നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ നിറമരുതൂര്‍ പഞ്ചായത്തിലുള്ളവരാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് കുട്ടികളെ പിടികൂടി. താക്കീത് നല്‍കിയതിന് ശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി. എന്നാല്‍ കുട്ടികള്‍ ദുരുദ്ദേശ്യത്തോടെയാണ് ട്രെയിന്‍ നിര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കേസെടുക്കും.