ട്രാന്‍സ്‌ജെന്‍ഡേഴ്‌സും മനുഷ്യരാണ്,കേന്ദ്ര നിലപാടില്‍ കോടതിയുടെ കടുത്ത അതൃപ്തി.

കൊച്ചി / ഇന്ത്യയിലെ ജനങ്ങൾ പത്തൊന്‍പതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓർക്കണമെന്ന് ഹൈക്കോടതി. ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടിയുടെ എന്‍സിസി പ്രവേശനവുമായി ബന്ധപെട്ട കേസിൽ, കേന്ദ്ര നിലപാടിനെതിരെയാണ് കോടതിയുടെ ഈ പരാമര്‍ശം ഉണ്ടായത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ഹിന ഹനീഫസമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇങ്ങനെ പറഞ്ഞത്. എന്‍സിസിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയെങ്കിലും അവസരം നിഷേധിച്ചെന്നായിരുന്നു ഹിനയുടെ പരാതി.
ലോകം പുരോഗമിക്കുമ്പോള്‍ നിങ്ങള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടരാനാവില്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍സിസി യില്‍ ചേരാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല എന്ന കേന്ദ്ര നിലപാടിനെതിരെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സും മനുഷ്യരാണന്ന് ഓര്‍മിപ്പിച്ച കോടതി കേന്ദ്ര നിലപാടില്‍ കോടതിയുടെ കടുത്ത അതൃപ്തി അറിയിച്ചു. ഹര്‍ജിക്കാരി ട്രാന്‍സ്‌ജെന്‍ഡര്‍ ക്വാട്ടയിലാണ് കോളേജ് പ്രവേശനം നേടിയതെന്ന തടസവാദം എന്‍സിസി ഉന്നയിച്ചതിനെ കോടതി വിമര്‍ശിക്കുകയായിരുന്നു.
പെണ്‍കുട്ടി എന്ന നിലയിലാണ് പ്രവേശനം നേടിയതെന്ന് ഹര്‍ജിക്കാരി തന്നെ പറയുമ്പോള്‍ അംഗീകരിക്കാന്‍ എന്താണ് തടസമെന്നാണ് കോടതി ചോദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമാണ്. പുരോഗമന സര്‍ക്കാരില്‍ ഇത്തരമൊരു സമീപനമല്ല വേണ്ടത്. ഹര്‍ജിക്കാരിക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാവുന്നതേയുള്ളു എന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. വിവേചനം ഇല്ലെന്നും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നും തുടർന്ന് എന്‍സിസി ആവശ്യപ്പെടുകയായിരുന്നു. നിലപാടറിയിക്കാന്‍ പ്രതിരോധ മന്ത്രാലയവും കോടതിയോട് സമയം ചോദിച്ചു. കേസ് തീരും വരെ പ്രവേശന നടപടികള്‍ നീട്ടിയതായി എന്‍സിസി അറിയിച്ചു.