പാലക്കാട് നഗരത്തിൽ വീണ്ടും ഗതാഗത പരിഷ്കരണം.

പാലക്കാട് നഗരത്തിൽ വീണ്ടും ഗതാഗത പരിഷ്കരണം. വ്യാപാരികളുടെ എതിർപ്പ് പരിഗണിയ്ക്കാതെയാണ് പോലീസും നഗരസഭയും നടപടികളുമായി മുന്നോട്ടു പോവുന്നത്. വ്യാപാരികളുടെ സംഘടനകളുമായി കൂടിയാലോചന നടത്തി അവരുടെ നിർദേശങ്ങളും പരിഗണിയ്ക്കുമെന്ന് നഗരസഭാ അധികൃതർ.
തിരക്കേറിയ ഭാഗങ്ങളിലാണ് കൂടുതൽ ഗതാഗത പരിഷ്കാരങ്ങളുണ്ടാവുക. പോലീസും വ്യാപാരികളും സഗരസഭയും ചേർന്ന് കൂടുതൽ ചർച്ചകൾ നടത്തും. ഗതാഗത പരിഷ്കരണത്തോട് വ്യാപാരികൾക്ക് യോജിപ്പില്ല. ഓണക്കാലത്ത് വലിയങ്ങാടിയിൽ നടപ്പാക്കിയ പരിഷ്ക്കരണം വിജയകരമായ സാഹചര്യത്തിലാണ് ഇത് വിപുലമാക്കാൻ പോലീസ് തീരുമാനിച്ചത്. ആഴിച്ചയിൽ 3 ദിവസം റോഡിന്റെ ഇടതുവശത്തും 3 ദിവസം റോഡിന്റെ വലതു വശത്തുമായാണ് ചരക്ക് വാഹനങ്ങൾ നിർത്തിയിരുന്നത്. ഈ പരിഷ്കരണം വിജയം കണ്ടില്ല. ഗതാഗത കുരുക്കില്ലാത്ത വിധത്തിൽ ഓണത്തിന് നടപ്പാക്കിയ താൽക്കാലിക പരിഷ്ക്കരണം സ്ഥിരമാക്കാനാണ് ആലോചിക്കുന്നത്. വലിയങ്ങാടിക്ക് പുറമെ കാണിക്ക മാത റോഡ്, മേപ്പറമ്പ് ജങ്ങ്ഷൻ, മണപ്പുള്ളിക്കാവ്, ഭാരത മാത റോഡ് എന്നിവിടങ്ങളിലും പുതിയ ഗതാഗത പരിഷ്ക്കരണങ്ങളുണ്ടാവും. വഴിയോര കച്ചവടക്കാരുടെ അഭിപ്രായവും പരിഗണിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.