വനത്തില്‍ അകപ്പെട്ട രണ്ട് യുവാക്കളെ കണ്ടെത്തി. അനധികൃതമായി വനത്തില്‍ പ്രവേശിച്ചതിനാല്‍ കേസെടുത്ത് വനംവകുപ്പ്
കോഴിക്കോട്: വനത്തില്‍ അകപ്പെട്ട രണ്ട് യുവാക്കളെ കണ്ടെത്തി. വഴി അറിയാതെ വനത്തില്‍ അകപ്പെട്ട കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ്, സഹോദരന്‍ അബ്ദുള്ള എന്നിവരെയാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇരുവരും അകപ്പെട്ടത്. ഇരുവരും ലോക്ക് ഡൗണ്‍ ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തില്‍ പോകുകയും അവിടെ നിന്ന് വഴിതെറ്റി കാട്ടില്‍ എത്തിപ്പെടുകയുമായിരുന്നു.
അനധികൃതമായി വനത്തില്‍ പ്രവേശിച്ചതിന് വനം വകുപ്പും ലോക് ഡൗണ്‍ ലംഘിച്ചതിന് താമരശ്ശേരി പൊലീസും ഇവര്‍ക്കെതിരെ കേസെടുക്കും. ശനിയാഴ്ച്ച താമരശേരിയിലെ ബന്ധു വീട്ടില്‍ നിന്നും കാട്ടിലേക്ക് പോകുകയായിരുന്നു. വനത്തിന് സമീപമായി രാത്രിയില്‍ വാഹനം നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫോസ്റ്റില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
ഇതോടെ പോലീസ്, വനം വകുപ്പ്, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ശക്തമായ മഴയും, കാറ്റും മൂലം തിരച്ചില്‍ നടത്തിയ സംഘത്തിന് രാത്രിയില്‍ ഇവരുടെയും അടുത്ത് എത്തിചേരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടുപേരുടെയും കൈയ്യില്‍ ഫോണ്‍ ഉണ്ടായതിനാലാണ് രക്ഷാപ്രവര്‍ത്തനം പെട്ടെന്ന് സാധിച്ചതെന്ന രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.മൊബൈലിന് റെയിഞ്ച് ഉണ്ടായിരുന്നതിനാലാണ് ഇരുവരും കാട്ടില്‍ അകപ്പെട്ട വിവരം രക്ഷാപ്രവര്‍ത്തകര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് വനം വകുപ്പ് ഇവരുടെ ബന്ധുക്കളില്‍ നിന്നും നമ്പര്‍ വാങ്ങി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
കാട്ടില്‍ വഴി അറിയാതെ അകപ്പെട്ടുപോയതിനാല്‍ ഇരുവരും തളര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഏറെ ശ്രദ്ധയോടെയാണ് രക്ഷാസംഘം ഇരുവരെയും കാടിന് പുറത്തേക്ക് കൊണ്ടുവന്നത്. കാട്ടിലേക്കൂ യാത്ര പുറപ്പെടുന്നതിനു മുമ്പായി ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിക്കാത്തതിനാലാണ് ഇരുവരും കാട്ടില്‍ അകപ്പെട്ടു പോയെതെന്ന് വനം വകുപ്പ് വ്യക്തമാക്കി.