ത്രിഭാഷയോ ദ്വിഭാഷയോ? തമിഴ്നാട് സർക്കാരിന്റെ ഹിന്ദി വിരുദ്ധ ബില്ലിനു പിന്നിലെ രാഷ്ട്രീയം

നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിൽ പുതിയ നീക്കവുമായി ഡിഎംകെ. തുടർഭരണം ലക്ഷ്യമിട്ടാണ് ഹിന്ദി വിരുദ്ധ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ നീക്കം നടത്തുന്നത്. തമിഴ്നാട്ടിലാകമാനം ഹിന്ദി ഹോർഡിങ്ങുകളും ഹിന്ദി സിനിമകളും നിരോധിക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്നാണു സൂചന. ഈ നിയമസഭയുടെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തന്നെ ബിൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ അടുത്ത തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രധാന പ്രചാരണായുധം ‘ഹിന്ദി വിരുദ്ധത’യായിരിക്കുമെന്ന് വ്യക്തമാവുകയാണ്.
നേരത്തെ, കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ത്രിഭാഷാ നയത്തിനെതിരെ ഡിഎംകെ ശക്തമായി രംഗത്ത് വന്നിരുന്നു. ത്രിഭാഷാ നയത്തിലൂടെ ഹിന്ദിയും സംസ്കൃതവും തമിഴരിൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. ത്രിഭാഷാ നയത്തിന് പകരം തമിഴ്നാട് കാലങ്ങളായി പിന്തുടരുന്ന ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) സ്കൂളുകളിൽ മതിയെന്നായിരുന്നു ഡിഎംകെയുടെ നിലപാട്. ത്രിഭാഷാനയത്തിനെതിരെ തമിഴ്നാട് ബിജെപിയിൽ പോലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ ഹിന്ദി വിരുദ്ധ ബില്ലുമായി വരുന്നത്. ഒരേസമയം രണ്ട് ലക്ഷ്യങ്ങളാണ് ബില്ലിലൂടെ ഡിഎംകെ മുന്നോട്ട് വെക്കുന്നത്. ഒന്ന്, തമിഴ്നാട്ടിൽ വീണ്ടും ശക്തിപ്രാപിക്കുന്ന എൻഡിഎ മുന്നണിയെ ശിഥിലമാക്കുക. മറ്റൊന്ന്, നടൻ വിജയ്‌യുടെ ‘ആന്റി ഡിഎംകെ’ പ്രചാരണത്തിന് ബദലായി മറ്റൊരു പ്രചാരണായുധം ഉപയോഗിക്കുക. ഡിഎംകെ മുന്നോട്ട് വെക്കുന്ന ഹിന്ദി വിരുദ്ധത, പെരിയോറിന്റെയും അണ്ണാദുരെയുടെയും കാലം മുതൽ പയറ്റിത്തെളിഞ്ഞ ആയുധമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് ഹിന്ദി വിരുദ്ധ ബിൽ എന്ന ആശയത്തിലൂടെ ഡിഎംകെ ഇപ്പോൾ ചെയ്യുന്നത്. ബിജെപിയുടെ നയത്തെ കൃത്യമായി നേരിടാൻ ഡിഎംകെ തയ്യാറെടുക്കുന്നു എന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ബിൽ അവതരിപ്പിക്കപ്പെടുന്നതോടെ എൻഡിഎ മുന്നണിയിൽ വലിയ പ്രതിസന്ധിയുണ്ടാകും. നിലവിൽ നിയമസഭയിൽ കൃത്യമായ ഭൂരിപക്ഷമുള്ള ഡിഎംകെ മുന്നണിക്ക് ബിൽ എളുപ്പത്തിൽ പാസാക്കാൻ സാധിക്കും. എന്നാൽ എൻഡിഎ മുന്നണിയെ നയിക്കുന്ന അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) ബില്ലിനെ എതിർക്കുമോ എന്നതാണ് നിർണായകം. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മുന്നണി വിട്ട എഐഎഡിഎംകെ മാസങ്ങൾക്കു മുൻപാണ് തിരികെ സഖ്യത്തിലെത്തിയത്. ബില്ലിനെ അനുകൂലിച്ചാൽ ബിജെപിയുമായുള്ള ബന്ധം വീണ്ടും ഉലയും. എതിർത്താൽ എഐഎഡിഎംകെയിൽ നിലവിലുള്ള ഭിന്നതകൾക്ക് മറ്റൊരു പൊട്ടിത്തെറിക്ക് കാരണമാകും. മൂന്നും നാലും വിഭാഗങ്ങളായി മാറിയ എംജിആറിൻ്റെയും ജയലളിതയുടെയും പഴയ പടക്കുതിരയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇനിയൊരു പിളർപ്പ് താങ്ങാനാകില്ല.
തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നതിനും പുതിയ ബിൽ ഉപകരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ‘ആന്റി ഡിഎംകെ’ പ്രചാരണത്തെ മറികടക്കാൻ ‘ആന്റി ഹിന്ദി’ക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ നേതൃത്വം. പ്രത്യേകിച്ച് കരൂർ സംഭവത്തിനുശേഷം പ്രചാരണത്തിൽ പിന്നിൽ പോയ വിജയ്, അടുത്ത തിരിച്ചുവരവ് നടത്തുന്നതിന് മുൻപ് ‘ആന്റി ഹിന്ദി’ ബില്ലുമായി രംഗം കീഴടക്കാനാണ് ഡിഎംകെയുടെ ലക്ഷ്യം. നിലവിൽ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് നിയമസഭയിൽ പ്രാതിനിധ്യമില്ല. എന്നാൽ, ഇത്തരമൊരു ബിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ വിജയ്ക്ക് തൻ്റെ നിലപാട് പരസ്യമാക്കേണ്ടി വരും. രാഷ്ട്രീയ പ്രവേശന സമയത്ത് ദ്രാവിഡ രാഷ്ട്രീയത്തിൽനിന്ന് മാറിയുള്ള ചിന്താധാരയാണ് വിജയ് മുന്നോട്ട് വെച്ചിരുന്നത്. അതിനാൽ ഹിന്ദി വിരുദ്ധ ബില്ലിൽ വിജയ് എന്ത് നിലപാട് എടുക്കുമെന്നു കാത്തിരുന്ന് കാണേണ്ടിവരും.
‘ഹിന്ദി തെരിയാത് പോടാ’ എന്ന ഉദയനിധി സ്റ്റാലിൻ്റെ പരാമർശം ഡിഎംകെയുടെ ത്രിഭാഷാ നയത്തിനെതിരായ വേദിയിൽ ദേശീയതലത്തിൽ തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ ഹിന്ദി വിരുദ്ധ ബില്ലുമായി ഡിഎംകെ വരുമ്പോൾ അതിൻ്റെ മുൻനിരയിൽ ഉദയനിധി സ്റ്റാലിനാണ്. അന്ന് ‘ഹിന്ദി തെരിയാത് പോടാ’ എന്നായിരുന്നെങ്കിൽ ഇന്നത് ‘ഹിന്ദി വേണ്ടാ പോടാ’ എന്നായിരിക്കുന്നുവെന്നു ചുരുക്കം. അന്ന് ചെപ്പോക്ക് എംഎൽഎ മാത്രമായിരുന്ന ഉദയനിധി ഇന്ന് തമിഴ്നാടിൻ്റെ ഉപമുഖ്യമന്ത്രിയാണ്.
ബില്ലുമായി മുന്നോട്ടു പോകുന്നതോടെ ഡിഎംകെ നയിക്കുന്ന മുന്നണിയിൽ മറ്റൊരു പാർട്ടിയും അങ്കലാപ്പിലാണ്. അത് മറ്റാരുമല്ല, കോൺഗ്രസാണ്. ബില്ലിനെ നിയമസഭയിൽ കോൺഗ്രസ് അംഗങ്ങൾ പിന്തുണയ്ക്കുമെന്നത് ഉറപ്പാണ്. പക്ഷേ ഇതു ദേശീയ തലത്തിൽ ബിജെപി പ്രചാരണായുധമാക്കും. കോൺഗ്രസിനെ ‘ആന്റി ഹിന്ദി’ പാർട്ടിയായി ബിജെപി ഉയർത്തിക്കാട്ടിയാൽ പ്രതിരോധിക്കുക അവർക്ക് പ്രയാസമായിരിക്കും. പ്രത്യേകിച്ച് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോൺഗ്രസ് ഹിന്ദി വിരുദ്ധരാണെന്ന തരത്തിൽ പ്രചാരണം നടന്നാൽ അത് ബിജെപിക്ക് ഗുണകരമായി തീരും.
തമിഴ്നാട് സർക്കാർ ബിൽ നിയമസഭയിൽ പാസാക്കിയാലും ആന്റി ഹിന്ദി ബിൽ നിയമമാകുക പ്രയാസമായിരിക്കുമെന്നാണു സൂചന. പ്രത്യേകിച്ച് ഗവർണർ ആർ.എൻ.രവി വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്നതു നിർണായകമാണ്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുമോ അതോ ബിൽ മടക്കുമോ? സുപ്രീംകോടതിയുടെ നിർദേശമുള്ളതിനാൽ ബിൽ വച്ച് താമസിപ്പിക്കാൻ ഗവർണർ തയാറാകില്ല. തമിഴ്നാട്ടിലുടനീളം ഹിന്ദി ഹോർഡിങ്ങുകൾ നീക്കം ചെയ്യാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണു സൂചന. ഇതോടെ തമിഴ്നാട്ടിലെ റെയിൽവേ സ്റ്റേഷനുകളിലെ ബോർഡുകളിൽ നിന്ന് ഹിന്ദി മായുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിൽ തമിഴ്, ഇംഗ്ലീഷ് ഭാഷകൾക്കു പുറമെ ഹിന്ദിയിലും സ്ഥലത്തിന്റെ പേര് എഴുതുന്നുണ്ട്. തമിഴ്നാട്ടിൽ 2023-ൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഉയർന്ന സമയത്ത് ഈ ഹിന്ദി പേരുകൾ മായിച്ചാണ് അന്ന് പ്രതിഷേധിച്ചത്. എന്നാൽ റെയിൽവേയുടെ കീഴിലുള്ള സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ നിയമത്തിനു സാധുതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇതേ ചോദ്യമാണ് ഹിന്ദി സിനിമ തമിഴ്നാട്ടിൽ നിരോധിക്കുമോ എന്ന വിഷയത്തിലും ഉയരുന്നത്.
Tag: Trilingual or bilingual? The politics behind the Tamil Nadu government’s anti-Hindi bill