കിൻഫ്ര പാർക്ക് സന്ദർശിച്ച് കളക്ടർ നവജ്യോത് ഖോസ; ഓക്സിജൻ പൂഴ്ത്തി വെയ്പ്പ് തടയാൻ കർശന നിർദേശം നൽകി
കിൻഫ്ര പാർക്കിലെ സതേൺ ഗ്യാസ് ലിമിറ്റഡിന്റെയും ഡിവിഷൻ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഓക്സിജൻ ജനറേഷൻ പ്ലാന്റ് കളക്ടർ നവജ്യോത് ഖോസ സന്ദർശിച്ചു.
ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതയും ഓക്സിജൻ ഉത്പാദന ശേഷിയും വിലയിരുത്തി. മുൻഗണനയും അടിയന്തിരപ്രാധാന്യവും അടിസ്ഥാനമാക്കി സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളും സ്വകാര്യ ഏജൻസികളും ഓക്സിജൻ പൂഴ്ത്തി വയ്ക്കുന്നത് തടയുന്നതിന് കർശന നിർദ്ദേശങ്ങൾ നൽകി. ഓക്സിജൻ വിതരണത്തിനായി സുതാര്യമായ ഒരു സംവിധാനം ഉറപ്പാക്കുന്നതിന്, കോവിഡ് ജാഗ്രത വെബ്‌പോർട്ടലിൽ ഒരു മൊഡ്യൂൾ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി സ്വകാര്യ ആശുപത്രികൾക്ക് രജിസ്റ്റർ ചെയ്യാനും ഓക്സിജന്റെ ആവശ്യമുള്ളപ്പോൾ അഭ്യർത്ഥിക്കാനും കഴിയും. ഓക്സിജൻ വാർ റൂം ഇതു വിലയിരുത്തി മുൻഗണന അടിസ്ഥാനത്തിൽ വിതരണത്തിന് അംഗീകാരം നൽകുമെന്ന് കളക്ടർ പറഞ്ഞു.