”ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ അനക്കുന്ന രീതി..”; വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ചുള്ള പരാമർശത്തിൽ ട്രംപിനെതിരെ വിമർശനം
വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ചുള്ള പരാമർശങ്ങളെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനങ്ങൾ. ന്യൂസ്മാക്‌സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ്, കാരലിൻ ലീവിറ്റിനെ ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച പ്രസ് സെക്രട്ടറിയായി വിശേഷിപ്പിച്ചത്.
സമാധാനത്തിനുള്ള നോബൽ സമ്മാനം ട്രംപിന് അർഹമാണെന്ന കാരലിൻ ലീവിറ്റിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘അവൾ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ അനക്കുന്ന രീതിയെല്ലാം കാണുമ്പോൾ കാരലിനെ ഒരു മെഷീൻ ഗൺ പോലെയാണ് തോന്നുന്നത്’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. അവൾ അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്. കാരലിനേക്കാൾ മികച്ച പ്രസ് സെക്രട്ടറിയെ ആരും ഇതുവരെ കണ്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു,” ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഈ വാക്കുകൾ വിവാദമായി മാറി. “ഭാഷാപ്രയോഗം അസ്വസ്ഥതയും നാണക്കേടും സൃഷ്ടിക്കുന്നതാണ്,” എന്നായിരുന്നു വിമർശകരുടെ പ്രതികരണം. അഭിമുഖത്തിൽ അദ്ദേഹം പ്രൊഫഷണലിസം പാലിച്ചില്ലെന്നും ആരോപണം ഉയർന്നു.
27 കാരിയായ കാരലിൻ ലീവിറ്റ് ട്രംപിന്റെ അഞ്ചാമത്തെ പ്രസ് സെക്രട്ടറിയാണ്. വൈറ്റ് ഹൗസിൽ അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ ട്രംപിന്റെ അന്താരാഷ്ട്ര സമീപനത്തെ അവർ പ്രശംസിച്ചിരുന്നു. അധികാരം ഏറ്റെടുത്തിട്ട് ആറു മാസം മാത്രം കഴിയുമ്പോഴും സമാധാന കരാറുകളിലും വെടിനിർത്തലിലും ട്രംപ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും, സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അദ്ദേഹം അർഹനാണെന്നും കാരലിൻ വ്യക്തമാക്കിയിരുന്നു.
Tag: That face, that intelligence, those lips, the way they move..'”; Trump criticized for commenting on White House Press Secretary Caroline Leavitt