ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ചൈനയ്‌ക്കെതിരെയുള്ള വ്യാപാര തീരുവ 47 ശതമാനമായി കുറച്ച് ട്രംപ്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, ചൈനയ്‌ക്കെതിരെയുള്ള വ്യാപാര തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ചൈനയിൽ നിന്നുള്ള അപൂർവ്വ ധാതുക്കളുടെ കയറ്റുമതിക്ക് ഇനി തടസ്സമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻപ്, അമേരിക്കയിൽ കടത്തുന്ന മാരകമായ സിന്തറ്റിക് ഓപിയോയിഡ് ഫെന്റനൈലിനെ തടയുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് 20 ശതമാനം തീരുവ ചുമത്തിയിരുന്നു. എയർഫോഴ്‌സ് വൺ വിമാനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ട്രംപ് ഈ തീരുവ 10 ശതമാനമായി കുറയ്ക്കുന്ന തീരുമാനം പ്രഖ്യാപിച്ചു. ഫെന്റനൈൽ രാസവസ്തുക്കളുടെ വഹിതത്തിൽ ചൈനയ്ക്ക് വലിയ പങ്കുണ്ടെന്ന് ട്രംപ് മുൻപ് ആരോപിച്ചിരുന്നു.
“യുഎസിലേക്ക് വരുന്ന ഫെന്റനൈൽ തടയുന്നതിൽ ഷി ജിൻപിങ് ശക്തമായ ശ്രമം നടത്തുമെന്ന് വിശ്വസിക്കുന്നു,” ട്രംപ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
സിയോളിനടുത്ത് ഗ്യോങ്ജുവിൽ നടന്ന ഏഷ്യ-പസഫിക് എക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതും, ചൈന-അമേരിക്ക തമ്മിലുള്ള ചില തർക്കങ്ങൾ പരിഹരിച്ചതായും ട്രംപ് അറിയിച്ചു.
“അപൂർവ്വ ധാതുക്കളുടെ കാര്യങ്ങൾ ഒത്തുതീർപ്പായി; ഇത് ലോകത്തിന് മുഴുവൻ ഗുണകരമാകും. ഈ കരാർ എല്ലാ വർഷവും പുതുക്കി ചര്‍ച്ച ചെയ്യും,” ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം പരിഹരിക്കാൻ താനും ഷി ജിന്പിങും തമ്മിൽ ധാരണയുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയെ അദ്ദേഹം “വലിയ വിജയം” എന്ന് വിശേഷിപ്പിച്ച്, 2026 ഏപ്രിലിൽ ചൈന സന്ദർശിക്കുമെന്നും പ്രഖ്യാപിച്ചു.
Tag: Trump cuts trade tariffs on China to 47% after meeting with Xi Jinping



