ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളിൽ നിയമിക്കരുതെന്ന് ട്രംപ്

അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികൾ ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ നിയമിക്കരുതെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കമുള്ള അമേരിക്കയിലെ വൻകിട ടെക് കമ്പനികൾക്കാണ് ട്രംപ് കർശന നിർദ്ദേശം നൽകിയത്.
ഇന്ത്യയും ചൈനയും അടക്കം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കെതിരെയാണ് ട്രംപ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ തൊഴിലവസരങ്ങളിൽ അമേരിക്കക്കാർക്കാണ് പ്രധാന്യം നൽകേണ്ടതെന്ന് ട്രംപ് ആവർത്തിച്ചു. ബുധനാഴ്ച വാഷിംഗ്ടണിൽ സംഘടിപ്പിച്ച ആർത്തിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“അമേരിക്കൻ കമ്പനികൾ ഇനി ചൈനയിൽ ഫാക്ടറികൾ സ്ഥാപിക്കുകയോ ഇന്ത്യൻ ടെക് തൊഴിൽശക്തിയെ ആശ്രയിക്കുകയോ ചെയ്യേണ്ട. പകരം, ഇവിടെ, നമ്മുടെ വീടുകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്,” എന്നാണ് ട്രംപ് പറഞ്ഞത്. ആഗോളവാദം അമേരിക്കൻ തൊഴിലാളികളെ അവഗണിക്കുന്നുവെന്നും, പല കമ്പനികളും ഈ നാട്ടിന്റെ സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് കൊയ്ത ലാഭം മറ്റ് രാജ്യങ്ങളിൽ നിക്ഷേപിച്ചതായും ട്രംപ് വിമർശനമുന്നയിച്ചു.“ അമേരിക്കയെ ഒന്നാമതെത്തിക്കേണ്ടതുണ്ട്. അതാണ് നമ്മൾ പ്രതീക്ഷിക്കുന്നത്,” എന്നും ട്രംപ് അറിയിച്ചു.
ഉച്ചകോടിയുടെ ഭാഗമായി ട്രംപ് മൂന്ന് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ കൂടി ഒപ്പുവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയെ ലക്ഷ്യമിട്ടുള്ള ഈ ഉത്തരവുകളിൽ പ്രധാനപ്പെട്ടത് “Winning the Race” എന്ന് പേരിട്ട പദ്ധതിയാണ്. എഐ വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും നിലവിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യാനുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡാറ്റാ സെന്ററുകൾക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള അനുമതികൾ വേഗത്തിലാക്കുന്നതും, സ്വകാര്യ കമ്പനി നിക്ഷേപങ്ങൾക്ക് പിന്തുണ നൽകുന്നതുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ടെക് രംഗത്ത് കൂടുതൽ അമേരിക്കൻ തൊഴിലാളികൾക്ക് അവസരങ്ങൾ നൽകുകയും, വിദേശ തൊഴിലാളികളിൽ നിന്നുള്ള ആശ്രയം കുറയ്ക്കുകയും ചെയ്യുന്നതിനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്നാണ് ട്രംപിനെതിരെ ഉയരുന്ന വിമർശനം.
Tag: Trump says companies including Google and Microsoft should not hire people from countries including India