ഇന്ത്യയുമായി ഇനി വ്യാപാരചർച്ചകളിൽ ഏർപ്പെടില്ലെന്ന് ട്രംപ്; പുടിനുമായി അടുത്തയാഴ്ച യുഎഇയിൽ കൂടിക്കാഴ്ച നടത്തും
ഇന്ത്യയുമായി ഇനി വ്യാപാരചർച്ചകളിൽ ഏർപ്പെടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവ സംബന്ധിച്ച വിഷയങ്ങളിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ നടക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് അവസാനം അമേരിക്കൻ പ്രതിനിധികൾ ഇന്ത്യയിലെത്താനായിരുന്നു ധാരണയെന്നും ട്രംപ് വ്യക്തമാക്കി.
അടുത്താഴ്ച യു.എ.ഇയിൽ ട്രംപ്–പുടിൻ കൂടിക്കാഴ്ച നടക്കാനാണ് സാധ്യത. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള വെടിനിർത്തൽ നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മുഖ്യവിഷയം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിദേശകാര്യ ഉപദേശകന്‍ യൂറി ഉഷാകോവ് കൂടിക്കാഴ്ച സ്ഥിരീകരിച്ചു. ഇതിനായി ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫ് നേരത്തെ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതേസമയം, റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി തുടരാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിലാണ് ഇന്ത്യയുടെ നിലപാട്. ഈ അധിക തീരുവ ഓഗസ്റ്റ് 27 മുതൽ നിലവിൽ വരും. മറ്റു രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനിടെ ഇന്ത്യയ്‌ക്കെതിരേ മാത്രം തീരുവ ചുമത്തുന്നത് അന്യായമാണെന്ന് ഇന്ത്യ വാദിക്കുന്നു.
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരേ അമേരിക്കയും അതിന്റെ സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്ന് വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ റഷ്യയെ സഹായിക്കുന്നുവെന്ന് ട്രംപ് ആരോപിക്കുന്നു. കൂടാതെ, ഈ ഇറക്കുമതി നിലനില്പ് ഇന്ത്യയുടെ കയറ്റുമതിയിൽ 40 മുതൽ 50 ശതമാനം വരെ ബാധകമായി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
Tag: Trump says no more trade talks with India; will meet Putin in UAE next week