international newsLatest NewsWorld

റഷ്യയ്ക്കെതിരെ അടുത്ത ഘട്ട ഉപരോധങ്ങൾ പ്രഖ്യാപിക്കാൻ ട്രംപ്; ഇന്ത്യയ്ക്കും ബാധകമായേക്കുമെന്ന് റിപ്പോർട്ട്

യുക്രെയ്നിൽ റഷ്യയുടെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, അടുത്ത ഘട്ട ഉപരോധങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇന്ത്യയ്ക്കും ബാധകമാകുന്ന തരത്തിലുള്ള ഉപരോധങ്ങളായിരിക്കാമെന്ന സൂചനകളാണ് റിപ്പോർട്ടുകൾ നൽകുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്കും അമേരിക്കയെ പിന്തുണക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ന്യൂയോർക്കിലെ യുഎസ് ഓപ്പണിനായി പുറപ്പെടുന്നതിനുമുമ്പ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിനുമുമ്പ് തന്നെ റഷ്യയിലും, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും കൂടുതൽ ടാരിഫുകൾ ഏർപ്പെടുത്താനാണ് അമേരിക്ക തയ്യാറെടുക്കുന്നതെന്ന് സൂചനകളുണ്ടായിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്കെതിരെ കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ വേണമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റും വ്യക്തമാക്കിയിരുന്നു. അത്തരമൊരു ഉപരോധം കൊണ്ടുവന്നാൽ മാത്രമേ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ യുക്രെയ്നുമായുള്ള ചർച്ചകളിലേക്ക് പ്രേരിപ്പിക്കാൻ കഴിയുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മുൻപ് അലാസ്കയിൽ ട്രംപിന്റെ മധ്യസ്ഥതയിൽ പുടിനുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നില്ല. ഇതിന്റെ പിന്നാലെയാണ് അമേരിക്ക ഉപരോധ നിലപാട് ശക്തമാക്കുന്നത്.

അതേസമയം, താരിഫ് യുദ്ധത്തിനിടയിലും ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സുഹൃത്താണെന്നും “മഹാനായ നേതാവ്” ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, മോദി സ്വീകരിക്കുന്ന ചില നിലപാടുകൾ തനിക്ക് ഇഷ്ടപ്പെടാറില്ലെന്ന് ട്രംപ് തുറന്നുപറഞ്ഞു. ഇന്ത്യ– അമേരിക്ക ബന്ധം ശക്തമായി തുടരുമെന്നും വിഷമിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കും ബാധകമായേക്കാവുന്ന ഉപരോധങ്ങൾ പ്രഖ്യാപിക്കാൻ ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Tag; Trump to announce next round of sanctions against Russia; Report says it may also apply to India

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button