”സമാധാന കരാറിൽ തീരുമാനമെടുക്കുന്നതിൽ താമസം അനുവദിക്കില്ല”; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. സമാധാന കരാറിൽ തീരുമാനമെടുക്കുന്നതിൽ താമസം അനുവദിക്കില്ലെന്നും, കരാർ വേഗത്തിൽ അംഗീകരിച്ച് ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം അവസാനിപ്പിച്ച് ആയുധം താഴെവയ്ക്കാൻ അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ബന്ദിമോചനത്തിനും സമാധാന കരാർ പൂർത്തിയാക്കുന്നതിനുമായി ഇസ്രായേൽ താൽക്കാലികമായി ആക്രമണം നിർത്തിയതിൽ ഞാൻ നന്ദിയുള്ളവനാണ്. ഹമാസ് ഉടൻ തീരുമാനമെടുക്കണം. താമസം ഞാൻ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയരാൻ ഞാൻ സമ്മതിക്കില്ല. ഇത് വേഗത്തിൽ പൂർത്തിയാക്കാം. എല്ലാവരോടും നീതിപൂർവം പെരുമാറും,” എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ എഴുതി.
അതേസമയം, ഗാസയിൽ ട്രംപിന്റെ വെടിനിർത്തൽ ആഹ്വാനം അവഗണിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 70 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലുടനീളം കടുത്ത യുദ്ധം തുടരുകയാണെന്നും, പൗരന്മാർ ഒഴിഞ്ഞുപോകണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഹമാസിനോട് ചർച്ചകൾ അവസാനിപ്പിച്ച് ബന്ദികളെ ഉടൻ മോചിപ്പിക്കണം എന്ന ആവശ്യവുമായാണ് ട്രംപ് മുന്നോട്ട് വന്നത്.
ഗാസ സമാധാന കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെ ഈജിപ്തിൽ നടക്കും. അമേരിക്കൻ പ്രതിനിധി സംഘം ഇതിനായി നാളെ ഈജിപ്തിലെത്തും. ഇത് ട്രംപിന്റെ 20-ഇനങ്ങളടങ്ങിയ സമാധാന പദ്ധതിയുടെ ഭാഗമാണ്.
ഹമാസ് ഇതിനകം ഈ പദ്ധതിയെ ഭാഗികമായി അംഗീകരിക്കുകയും, എല്ലാ ബന്ദികളെയും വിട്ടയയ്ക്കാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു.
ഹമാസിന്റെ ഈ തീരുമാനത്തെത്തുടർന്ന് ട്രംപ് ഇസ്രായേലിനോട് ആക്രമണം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇസ്രായേൽ ആക്രമണം തുടർന്നു.
പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, ഹമാസ് ബന്ദിമോചനത്തിന് സമ്മതിച്ചതിനെത്തുടർന്ന് പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
Tag: Trump warns Hamas: ‘No delay in making peace deal’