ട്രംപ്- ഷി കൂടിക്കാഴ്ച ഇന്ന്; വ്യാപാരക്കരാറിൽ അന്തിമ ധാരണയിലേക്കെത്തുമോയെന്നുറ്റു നോക്കി ലോകം

വ്യാപാരയുദ്ധവും താരിഫ് പോരും തുടരുന്ന സാഹചര്യത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ന് മുഖാമുഖം ചർച്ചയ്ക്ക് ഇരിക്കും. ഇന്ത്യൻ സമയം രാവിലെ ഏഴരയോടെ ആരംഭിക്കുന്ന ഈ കൂടിക്കാഴ്ച ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയുടെ ഭാഗമായി നടക്കും.
വീണ്ടും അധികാരത്തിൽ എത്തിയ ശേഷം ട്രംപ് ഷി ജിൻപിങ്ങിനെ നേരിൽ കാണുന്നത് ഇതാദ്യമായാണ്. യുഎസ്-ചൈന വ്യാപാരക്കരാറിൽ അന്തിമ ധാരണയിലേക്കെത്തുമോ എന്നതാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. എപെക് ഉച്ചകോടിക്ക് മുൻപായി ചൈന അമേരിക്കയിൽ നിന്ന് സോയാബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറായത് ബന്ധത്തിൽ മഞ്ഞുരുകലിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
എന്നാൽ അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണം ലഘൂകരിക്കാൻ ചൈനയും, ചിപ്പ് കയറ്റുമതി നിയന്ത്രണത്തിൽ മാറ്റം വരുത്താൻ അമേരിക്കയും തയ്യാറാകുമോ എന്നതിലാണ് ഇപ്പോഴും ആകാംക്ഷ. ടിക്‌ടോക്കുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുരാജ്യങ്ങളും ഉടമ്പടിയിലേക്കെത്തുമെന്ന് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നു.
ട്രംപ് യാത്ര ചെയ്ത മറൈൻ വൺ ഹെലികോപ്റ്റർ ബുസാനിലെ ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഷി ജിൻപിങ്ങ് എത്തിയതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ വരവ്. ഇരുനേതാക്കളുടെ നിർണായക കൂടിക്കാഴ്ചയ്ക്ക് ബുസാനാണ് വേദിയാകുന്നത്.
Tag: Trump-Xi meeting today; world awaits final agreement on trade deal



